Monday, 27 June 2016

അഗ്നി

നമ്മുടെ സ്നേഹബന്ധങ്ങളിലും കർമ്മരംഗങ്ങളിലും മനോഭാവങ്ങളിലും നമ്മെ ഊഷ്മളതയോടെയും തീക്ഷ്ണതയോടെയും നിലനിർത്തുന്ന ഒരു അഗ്നി നമ്മുടെ മനസിലുണ്ട്. സന്ദർഭത്തിൻറെ ഗൗരവമനുസരിച്ച് രോമകൂപം മുതൽ ഹൃദയമിടുപ്പുവരെ ചലനാത്മകമാക്കി ശരീരത്തിൻറെ പ്രവർത്തനക്ഷമതയെ നിയന്ത്രിക്കാൻ കഴിവുള്ള അഗ്നിയാണിത്.  പ്രതിബന്ധങ്ങളേയും പ്രശ്നങ്ങളേയും തോൽപ്പിച്ച് നാം സ്നേഹിക്കുന്നവയ്ക്കായി മുന്നേറാൻ നമ്മെ ശാക്തീകരിക്കുന്ന ആത്മ ഇന്ധനമാണ് ഈ അഗ്നി. നാം നെഞ്ചിലേറ്റുന്ന പ്രിയപ്പെട്ടവർക്കായി വിദേശത്തും വിദൂരങ്ങളിലും സ്വയം മറന്ന് അദ്ധ്വാനിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്ന ശക്തിയാണ് ഈ അഗ്നി. അകലം പാലിക്കേണ്ടവയെ അകറ്റാനും ദോഷമായവയെ തകർക്കാനും സ്വന്തമായവയെ തന്നോടു ചേർത്തു നിർത്തുവാനും ആത്മാഭിമാനത്തിൻറെ തേരിൽ സഞ്ചരിക്കുവാനും അനുകമ്പയുടെ പടികളിലൂടെ താഴേക്കിറങ്ങുവാനും കുറവുകളിൽ ലജ്ജിക്കുവാനും  ഈ അഗ്നിയാണ് നമ്മിൽ പ്രവർത്തിക്കുന്നത്. ഈ അഗ്നിയെ വികാരമെന്നൊ ആവേശമെന്നൊ തോന്നലെന്നൊ വിളിക്കാം. മനഃശാസ്ത്ര പഠനപ്രകാരം  ചിന്ത, പ്രവൃത്തി, വികാരം - ഇവ മൂന്നുമാണ് നമ്മുടെ പെരുമാറ്റങ്ങൾക്കു പിന്നിലെ അടിസ്ഥാന ഘടകങ്ങൾ. ഈ അടിസ്ഥാന ഘടകങ്ങളിലൊന്നായ വികാരം നമ്മുടെ വ്യക്തിത്വത്തിൻറെ അഗ്നിയാണ്. മന്ദോഷ്ണരാകാതെ ചൂടൊ തണുപ്പൊ ഉള്ളവരായി നമ്മെ നിലനിർത്തുന്ന അഗ്നി. ആളിക്കത്തിയാൽ അതു  ദഹിപ്പിച്ചുകളയും. കെട്ടുപോയാൽ നാം  തണുത്തുറഞ്ഞുപോകും. ആവശ്യം മനസിലാക്കി  കൃത്യമായ സാഹചര്യങ്ങളിൽ പാകത്തിനു കത്തുവാൻ ഈ അഗ്നിക്ക് ചിന്തയുടെ കരുത്തു വേണം. വിചാരമില്ലാത്ത വികാരം വിലപ്പെട്ട പലതിനേയും തകർത്തുകളയുന്ന അഗ്നിയാണ്. വിചാരത്തിനു നിയന്ത്രണമുള്ള അഗ്നിയൊ ക്രിയാത്മക ശക്തിയും. നമ്മിൽ കെടാതെ കത്തിക്കൊണ്ടിരിക്കുന്ന വികാരമാകുന്ന അഗ്നിയെ ചിന്തയുടെ റെഗുലേറ്റർ ഉപയോഗിച്ച് നല്ല വ്യക്തിത്വത്തിനായുള്ള നിരന്തര പരിശ്രമങ്ങളിൽ പങ്കാളിയാക്കാം. പക്വതയുള്ള വൈകാരിക ജീവിതം നമ്മുടെ ലക്ഷ്യമായിരിക്കട്ടെ. അപ്പോൾ  നമ്മിലെ അഗ്നി നമുക്കും മറ്റുള്ളവർക്കും പ്രകാശമായിമാറും. അഗ്നിയുള്ള മനസ് സന്തോഷമുള്ള ജീവിതത്തിനു കാരണമാകട്ടെ!!!

Rixon Jose
Consulting Psychologist
9447728147

Thursday, 23 June 2016

Will Power

അലറിയടുക്കുന്ന തിരമാലകൾക്കു മുന്നിൽ
അചഞ്ചലനായി നെഞ്ചുവിരിച്ചു നിൽക്കുന്ന 
പാറ പോലെയാണ് നമ്മുടെ ഇച്ഛാശക്തി (Will Power).

നല്ലതു സ്വപ്നം കണ്ട നമുക്ക് അതു നേടിയെടുക്കണമെങ്കിൽ
 ലക്ഷ്യത്തിനു ചേരാത്ത താത്കാലിക സംതൃപ്തിയുടെ 
പ്രലോഭനങ്ങൾക്കുമുന്നിൽ അലിഞ്ഞു പോകാതെ നിലപാടുകളിൽ
 അചഞ്ചലരായി നിൽക്കാൻ നമ്മെ സഹായിക്കുന്ന 
ഇച്ഛാശക്തിയെന്ന വ്യക്തിഗുണം കൂടിയേ തീരൂ .

ഇച്ഛാശക്തിയുള്ള മനുഷ്യന് ഒരാളുടെ ശക്തിയല്ല, ഒരായിരം പേരുടെ ശക്തിയുണ്ട്.
അസാധ്യങ്ങളെ സാധ്യമാക്കിയ അതുല്യ വ്യക്തിത്വങ്ങളിൽ 
നിറഞ്ഞു നിന്ന ചൈതന്യമാണ് ഇച്ഛാശക്തി.

ഇല്ലായ്മയിൽ നിന്നും ഉയർന്നു വന്ന മനുഷ്യ വിസ്മയങ്ങൾക്കു പിന്നിലും 
ഇച്ഛാശക്തി തന്നെ.

സ്വാഭാവിക പ്രവണതളോട് "വേണ്ട" എന്നു പറഞ്ഞ
 ഋഷിവര്യൻമാരിലെല്ലാം ഇതു നേടിയെടുക്കാനുള്ള പരിശ്രമം നമുക്കു കാണാം. 
ആശാ നിഗ്രഹം എന്ന സാത്വിക മാർഗ്ഗവും ഇതിലേക്കുള്ളതാണ്. 
മനഃശക്തിയുടെ പ്രഥമ ലക്ഷണവും ഇതു തന്നെ.

നമുക്ക് തീക്ഷ്ണമായി ആഗ്രഹിക്കാം, ആത്മാർത്ഥമായി പരിശ്രമിക്കാം
നമ്മിൽ നിറഞ്ഞു നിൽക്കുന്ന ഇച്ഛാശക്തിക്കായി.

Rixon Jose
Consulting Psychologist
Sunrise Institute of Mental Health and Research (SIMHAR)
Ernakulam
Mob. 9447728147

അന്ധനാര്?

അന്ധനാണോയെന്നെന്നോടു
ചോദിച്ചവരോടെല്ലാം
രോഷത്തോടെ ഞാൻ പറഞ്ഞു
അന്ധൻ ഞാനല്ല, താനാണെന്ന്.
മനസിൽ അടിയുറച്ച
ചില വിശ്വാസ ധാരണാ മനോഭാവങ്ങൾ
കൺപോളകൾപോലെ
യാഥാർത്ഥ്യങ്ങളെ
കണ്ണിൽ നിന്നും മറച്ചു
എന്നറിഞ്ഞപ്പോൾ
സമ്മതിക്കേണ്ടിവന്നു
ഞാൻ ഒരു പാതി അന്ധനാണെന്ന്.
ആ വിശ്വാസ ധാരണാ മനോഭാവങ്ങൾ
കടത്തിവിട്ട നിറംമാറിയ
രശ്മികളാണെന്നിൽ സത്യത്തിനു ചേരാത്ത
ഇഷ്ടരൂപങ്ങളെ
യാഥാർത്ഥ്യമെന്നോണം വരച്ചതെന്നറിഞ്ഞപ്പോൾ
തിരിച്ചറിഞ്ഞു
ഞാനൊരു മുഴു
അന്ധനാണെന്ന്.
ആ തിരിച്ചറിവ് എനിക്കു
കാഴ്ചയുടെ ഔഷധമായി.
എന്നേയും എല്ലാവരേയും
സംബന്ധിച്ച വിശ്വാസ ധാരണാ മനോഭാവങ്ങളെ
ഞാൻ ഒരു റിയാലിറ്റി ടെസ്റ്റിനു
വിധേയമാക്കി.
അപ്പോൾ ഞാനറിഞ്ഞു
സത്യമെന്നു കരുതി നിധിപോലെ സൂക്ഷിച്ച പലതും
എൻറെ മനസ്സു വരച്ച
വെറും ചിത്രങ്ങൾ
മാത്രമായിരുന്നുവെന്ന്.
സത്യം എൻറെ
ഭാഗത്തായിരിക്കണമെന്നതല്ല
ഞാൻ സത്യത്തിൻറെ
ഭാഗത്തായിരിക്കണം എന്നതാണ്
നേരായ ജ്ഞാനം എന്ന
ചിന്താ ശലഭം
ബോധമനസിൽ നിന്നും
അഗാധ മനസിലേക്കു
പറന്നിറങ്ങി.
അവിടെ ഞാൻ തുടങ്ങി
യാഥാർത്ഥ്യങ്ങൾ തേടിയുള്ള തീർത്ഥാടനം.
മനസിൻറെ തീർത്ഥാടനം.

മാതാ പിതാ ഗുരു അറിയാൻ...


         ഈ അദ്ധ്യയന വർഷത്തിൽ മാതാ പിതാ ഗുരു സുമനഃസുകളോട് അനുദിനം കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുന്ന ഒരു മനഃശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രധാനപ്പെട്ട ഏഴു കാര്യങ്ങൾ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു:

1, സ്വഭാവ ദോഷങ്ങൾ മാറ്റുവാനല്ല മറിച്ച് അവയ്ക്കെതിരായ സ്വഭാവ ഗുണങ്ങൾ കൃത്യമായ ആസൂത്രണത്തോടെ വളർത്തുവാനാണ് പരിശ്രമിക്കേണ്ടത്. നല്ലതു വരുമ്പോൾ അതിനെതിരായതു തനിയേ മാറിക്കൊള്ളും. ദോഷങ്ങൾ തിരിച്ചറിയുന്നത് ഗുണഗണങ്ങൾ വളർത്താനുള്ള ലക്ഷ്യത്തിനുവേണ്ടി മാത്രം എന്നുറപ്പിക്കണം. എന്തു ചെയ്യരുത് എന്നതിനേക്കാൾ എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിൻറെ വ്യക്തായ രൂപരേഖ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.

2) നിങ്ങളുടെ കുട്ടിയെ വ്യക്തിപരമായി മനഃസിലാക്കാൻ മറ്റൊരു കാര്യത്തിലും വ്യാപൃതമാകാത്ത കുറച്ചു സമയം (മൊബൈൽ പോലും എടുക്കരുത്) അവരോടൊപ്പം ചിലവഴിക്കണം. ഈ വിലപ്പെട്ട സമയം ഒന്നും ഉപദേശിക്കാതെ അങ്ങോട്ടധികം പറയാതെ മുൻവിധിയില്ലാതെ കുട്ടി പറയുന്നതു മുഴുവൻ സ്നേഹത്തോടെ കേട്ടിരിക്കാം. അവരുടെ കുറുമ്പും കൂട്ടും കളികളും സംശയങ്ങളും ആശങ്കകളും ക്ഷമയോടെ ഈ സമയത്തു കേട്ടിരിക്കാം. തങ്ങളെ മനസിലാക്കുന്നവർക്കു മാത്രമേ കുട്ടികളുടെയുള്ളിൽ സ്ഥാനവും സ്വാധീനവുമുള്ളൂ എന്ന വസ്തുത നാം മറക്കരുത്.

3) അക്കാദമിക് പെർഫോമൻസ് എന്നതിനേക്കാൾ പഠനത്തിനായുള്ള അവരുടെ പരിശ്രമത്തിലേക്കാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. പഠിക്കുന്ന രീതി, ചിട്ടയായ പഠന ക്രമം, പഠിക്കുന്ന വിഷയത്തോടുള്ള താത്പര്യം, ഏകാഗ്രത, പഠനത്തോടും അദ്ധ്യാപകരോടും വിദ്യാലയത്തോടുമുള്ള മനോഭാവം എന്നിങ്ങനെ പല ഘടകങ്ങളും ഈ പരിശ്രമത്തിൽ അടങ്ങിയിട്ടുണ്ട്. അവിടെയാണ് തിരുത്തലുകൾ വരുത്തേണ്ടത്. മാർക്കും ഗ്രേഡും അടിസ്ഥാനമാക്കിയ പെർഫോമൻസ് എന്ന പ്രതിഭാസം പരിശ്രമത്തിൻറെ ഒരു സ്വാഭാവിക ഫലം മാത്രമാണ്.

4, ശിക്ഷയുടെ കാഠിന്യമല്ല മറിച്ച് ശിക്ഷയുടെ ഉദ്ദേശ്യം സംബന്ധിച്ച തിരിച്ചറിവാണ് ഒരു കുട്ടിയെ ദുഃസ്വഭാവങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് ആക്രോശം, വടി, അടി, വഴക്ക് മുതലായ ധാർമ്മികരോഷ പ്രകടനങ്ങളും ദേഷ്യ ശമന മാർഗ്ഗങ്ങളും മാറ്റിവച്ച് തിരിച്ചറിവു നൽകുന്ന ഫലപ്രദമായ മറ്റു ക്രിയാത്മക മാർഗ്ഗങ്ങൾ ശിക്ഷണത്തിനായി നാം സ്വീകരിക്കണം. അഡോൾഫ് ഹിറ്റ്ലറും കഠിനമായ ശാരീരിക ശിക്ഷ ലഭിച്ചു വളർന്നയാളായിരുന്നു. അതൊന്നും അയാളിൽ തിരിച്ചറിവുണ്ടാക്കിയില്ല എന്നതാണ് സത്യം.

5, ഈ അദ്ധ്യയന വർഷത്തിൽ നിങ്ങളുടെ കുട്ടിയുടെ മൊബൈൽ സോഷ്യൽ മീഡിയ ഉപയോഗം 0% എന്ന് നിങ്ങൾ ഉറപ്പാക്കുക. കുട്ടികളുടെ പല മാനസിക പ്രശ്നങ്ങൾക്കും സ്വഭാവ വ്യതിയാനങ്ങൾക്കും താത്പര്യക്കുറവ് ഏകാഗ്രതക്കുറവ് മുതലായ പഠന പ്രശ്നങ്ങൾക്കും കാരണം മാതാപിതാക്കളുടെ മൊബൈൽ അറിഞ്ഞോ അറിയാതെയോ കുട്ടികൾ സ്വകാര്യമായി ഉപയോഗിച്ച് സോഷ്യൽ മീഡിയയിലും അശ്ലീല സൈറ്റുകളിലും സജീവമാകുന്നതുകൊണ്ടാണ്. പക്വതയോടെ കൈകാര്യം ചെയ്യാനാകുന്ന കാലഘട്ടത്തിൽ മാത്രം അവർ മൊബൈൽ ഉപയോഗിക്കട്ടെ. അതുവരെ ക്ഷമയോടെ കാത്തിരിക്കാൻ പരിശീലിപ്പിക്കാം.

6, സൗഹാർദ്ദപരമായ അടുപ്പം ആഗ്രഹിക്കുന്ന ന്യൂ ജെനറേഷൻ കുട്ടിയെ മനസ്സിലാക്കി പെരുമാറുക. മാതാ പിതാക്കളോടും അദ്ധ്യാപകരോടും ഭയത്തോടും വിറയലോടും ആദരവു കാണിക്കുന്ന, പേടിക്കുന്ന പരമ്പരാഗത ശൈലിയല്ല ഇന്നത്തെ പുതുതലമുറയ്ക്ക്. അതിലൊന്നും കാര്യമായ അർത്ഥം തോന്നാത്തതിനാൽ വാത്സല്യവും അടുപ്പവും ഫ്രീ ടോൽക്കും ആഗ്രഹിക്കുന്ന ന്യൂജെനറേഷൻ 'ബ്രോ', 'മച്ചു', 'ഡ്യൂഡ്' ഒക്കെയാണ് നമ്മുടെ കുഞ്ഞുങ്ങൾ. ഗൗരവം വെടിഞ്ഞ് ലാളിത്യവും സ്നേഹവും വാത്സല്യവും നിറഞ്ഞൊഴുകുന്ന ഒറിജിനൽ സമീപനമാണ് നാം അവരോട് പുലർത്തേണ്ടത്. നമ്മുടെ വാക്കുകൾ സ്വീകരിക്കാൻ അവരെ തോന്നിക്കുന്നത് അവർക്കുമേൽ നമുക്കുള്ള അധികാരമല്ല മറിച്ച് നമുക്ക് അവരിലുള്ള സ്നേഹ സ്വാധീനമാണ്. എന്തു കാര്യത്തിലും നമ്മോട് ഉള്ളുതുറക്കാൻ ആ കുരുന്നു ഹൃദയം ഭയപ്പെടാതിരിക്കട്ടെ. അതിനു അവരിലൊരാളായി നമുക്കു മാറാം.

7, എന്തിനും ഏതിനും പുറകേ നടന്ന് ഉപദേശിക്കുന്ന പഴഞ്ചൻ പരിപാടി ഇനിയെങ്കിലും നിർത്താം. സാഹചര്യത്തിനനുസരിച്ച് ശരിയായ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ നിങ്ങളുടെ ബോധ്യങ്ങൾ പങ്കുവയ്ക്കുകയും തിരുത്തലുകൾ വരും വരായ്കകളുടെ വെളിച്ചത്തിൽ ബുദ്ധിപരമായി അവരോട് അവതരിപ്പിക്കുകയും ചെയ്യുക. ഉപദേശങ്ങളുടെ അളവല്ല വസ്തുതകളുടെ ബോധ്യപ്പെടലാണ് കുട്ടികളിലെ മാറ്റത്തിനു പിന്നിൽ.നല്ല മാറ്റങ്ങൾ അത് എത്ര ചെറുതാണെങ്കിലും പ്രോത്സാഹിപ്പിക്കാൻ മറക്കരുത്.


ഈ ഹൈടെക്ക് കാലഘട്ടത്തിൽ നമ്മുടെ ന്യൂജെനറേഷൻകാരെ പരിപാലിക്കാൻ ഹൈടെക്ക് മാർഗ്ഗങ്ങളുള്ള ന്യൂജെനറേഷൻ പേരൻറീംഗ് ആണ് ആവശ്യം. അതല്ലെങ്കിൽ കാര്യങ്ങൾ നമ്മുടെ കൺട്രോളിൽ നിൽക്കില്ലാട്ടോ...

സ്നേഹപൂർവ്വം:
Rixon Jose
Consulting Psychologist
Sunrise Institute of Mental Health and Research (SIMHAR)
Kochi
9447728147

ഞാൻ പാടിയാലെന്താ കുഴപ്പം???


      "ഞാൻ പാടിയ പാട്ടിനെന്താ ഒരു കുഴപ്പം? ശരിക്കും അത് നല്ല പാട്ടാണ്. പക്ഷെ ഈ ജഡ്ജസ്സ് ശരിയല്ല..."
ലളിത ഗാന മത്സരത്തിൽ പങ്കെടുത്തിട്ട് കൊള്ളാവുന്ന ഒരു ഗ്രേഡ് പോലും കിട്ടാതെ ഞാൻ പുറന്തള്ളപ്പെട്ടപ്പോൽ എന്നെ അംഗീകരിക്കാത്ത ആ കലാമേളയോടുതന്നെ എനിക്കു വല്ലാത്ത പുച്ഛം തോന്നി. ഒരുപാടു സങ്കടവും... വിധി നിർണ്ണയിച്ച മൂന്നു പേരിൽ ഒരാൾ എന്നെ സ്നേഹിച്ചിരുന്ന എൻറെ അദ്ധ്യാപകനായിരുന്നു. കലാമേളയുടെ കൊടി താഴ്ന്ന ശേഷം അദ്ദേഹം എന്നെ അരികിൽ വിളിച്ചിരുത്തി പാട്ട് പിഴച്ചതെവിടെയെന്നു വിശദീകരിക്കാൻ തുടങ്ങി. താളമില്ലത്രേ... താളം.
"എന്തു കുന്ത്രാണ്ടമാണോ ഈ താളം!!! അതില്ലെങ്കിൽ ആർക്കും പാടാൻ പറ്റില്ലേ? അതു വേണോന്നെന്താ ഇത്ര നിർബന്ധം??? ആവശ്യമില്ലാത്ത ഓരോ നിയമങ്ങൾ!!! "
സത്യത്തിൽ എനിക്കു സാറു പറഞ്ഞതൊട്ടും അംഗീകരിക്കാനായില്ല. പലരോടും ഞാൻ ഇതേപറ്റി ചോദിച്ചു. അവരിൽ എന്നെപ്പോലെ ചിന്തിക്കുന്ന ചിലരൊക്കെ അഭിപ്രായപ്പെട്ടു ഈ താളം എന്ന സംഭവം പാട്ടിനെ തങ്ങളുടെ കുത്തകയാക്കി നിലനിർത്താനുള്ള ചില ബൂർഷ്വാ ഗായകരുടെ മുതലാളിത്ത കുതന്ത്രമാണെന്ന്.
പിന്നീടെനിക്ക് താളം എന്നു കേൾക്കുന്നതേ കലിയായിരുന്നു. താളം എന്ന ഉട്ടോപ്യൻ ബൂർഷ്വാ ആശയത്തെ വലിച്ചെറിഞ്ഞ് ഞാൻ എന്ന 'കിടിലൻ' ഗായകൻ ജനസമക്ഷം കുറേ പാട്ടുകൾ പാടി. കേൾവിക്കാർ ചെവിപൊത്തി ഈ 'ഗായകൻറെ' പാട്ടിൽ നിന്നും പ്രാണനുമായി രക്ഷപ്പെടുന്ന നേർകാഴ്ചകൾ എനിക്കു കാണാമായിരുന്നു. അപ്പോഴും ഞാൻ അംഗീകരിച്ചില്ല ഞാൻ പാടുന്ന താള രഹിതമായ പാട്ടിന് എന്തോ കുഴപ്പമുണ്ടെന്ന്.
തുടർന്ന് എൻറെ പാട്ടുകൾ അപ്രത്യക്ഷമായിത്തുടങ്ങി. താളമില്ലാത്ത എന്നെ കൂടുതൽ പാടാൻ നാട്ടുകാർ സമ്മതിച്ചില്ലെന്നു ചുരുക്കം. നിവൃത്തിയില്ലാതായപ്പോൾ എന്നിലെ ഗായകൻറെ നിലനിൽപ്പിനുവേണ്ടി ഞാൻ താളം പരിശീലിക്കാൻ തുടങ്ങി. എൻറെ വാക്കുകൾ താളത്തോടു ചേർന്നപ്പോൾ ഞാൻ പാടുന്ന പാട്ടിനോടു ചേർന്നു പാടാൻ ആളുകളും കൂടി. ഈ താളം ആരാ മോൻ എന്നു ഞാൻ തിരിച്ചറിഞ്ഞു.
ആഗോള പരിസ്ഥിതി ദിനമായ  ജൂൺ 5 ജീവനും പരിസ്ഥിതിയും ജീവിതമാകുന്ന ഗാനത്തിൻറെ വാക്കും താളവും പോലെ അഭേദ്യമായി ചേർന്നിരിക്കുന്നു എന്നതിൻറെ അവബോധ ദിനമാണ്. പ്രകൃതിയും ജീവനും തുല്യപ്രാധാന്യത്തോടെ ചേരുമ്പോൾ മാത്രമേ ജീവിതം നിലനിൽക്കൂ. ജീവിതത്തിൻറെ ആസ്വാദനവും സന്തോഷവും ഈ കൂടിചേരലിലാണ്. മഴയും പുഴയും കാടും മേടും മലയും താഴ്വാരവും ജന്തുലോകവും സസ്യലോകവും ചേർന്ന ഈ പ്രകൃതിയെ നമുക്കു പ്രണയിക്കാം. പ്രകൃതിയോടുള്ള നിഷ്കളങ്ക സ്നേഹത്തിനു ചേരാത്ത പ്രവർത്തികൾ തിരിച്ചറിയാനും അവസാനിപ്പിക്കുവാനും പ്രകൃതിയോടു ചെയ്ത തെറ്റുകൾക്കു പരിഹാരമായി കൂടുതൽ പരിപാലിക്കാനും നമുക്ക് സാധിക്കട്ടെ. ജീവിതഗാനം ഹൃദ്യമാകാൻ നമ്മുടെ ജീവൻ പ്രകൃതിയോടു ചേർന്നിരിക്കട്ടെ.

സ്നേഹപൂർവ്വം:
റികസൺ ജോസ്
Consulting Psychologist
Sunrise Institute of Mental Health and Research (SIMHAR)
Ernakulam
9447728147

അതിഥി


                 വാതിലുകൾ തുറന്നിട്ട് മുൻവശത്തെ ഇടുങ്ങിയ വഴിയിലൂടെ വരാനിരിക്കുന്ന അതിഥിയെ ഏറെ നേരമായി അസഹിഷ്ണുതയോടെ ഞാൻ കാത്തിരിക്കുന്നു. മൊബൈലിൽ ബാലൻസില്ല. അല്ലെങ്കിൽ എവിടെയെത്തിയെന്നു വിളിച്ചു ചോദിക്കാമായിരുന്നു.
ബാലൻസുണ്ടായിട്ടെന്തിനാ!!!
വേറെ ആരെ വിളിക്കാൻ....!!!
എന്നെ ആരു വിളിക്കാൻ...!!!
           
              കുറേ നാളുകൾക്കുശേഷമാണ് ഒരു അതിഥി ഈ വീട്ടിലെത്തുന്നത്. ബന്ധങ്ങളുടെ ലോകത്തിൽ നിന്നും പിൻവലിഞ്ഞു നിൽക്കുന്ന എനിക്ക് ആകെയുള്ള കൂട്ടാണ് ഈ അതിഥി. അയാൾക്കു ഞാൻ അനേകരിൽ ഒരാൾ മാത്രമായിരിക്കും. പക്ഷെ എനിക്ക് അയാൾ എൻറെ ലോകമാണ്. എന്നും കാണാറില്ലെങ്കിലും അധികമൊന്നും മിണ്ടാറില്ലെങ്കിലും എൻറെ ചിന്തയിൽ എപ്പോഴും അയാൾ നിറഞ്ഞിരിക്കുന്നു. വരുമെന്നു പറഞ്ഞിട്ട് ഇതുവരെയും കാണുന്നില്ല. എന്താ വരാത്തെ? എന്നെ മറന്നുകളഞ്ഞോ? അല്ലെങ്കിലും എന്നെയൊക്കെ ഓർത്തിട്ടെന്തിന്? ഞാനാരാ? എന്തൊരു ജീവിതം? എന്നെയൊക്കെ ആർക്കു വേണം? അക്ഷമ നിറഞ്ഞ മനസിൽ ചോദ്യങ്ങൾ ഓരോന്നായി ഉയരാൻ തുടങ്ങി. അവയ്ക്കുള്ള ഉത്തരങ്ങൾ ഞാൻ ഊഹിച്ചെടുത്തു. ഊഹങ്ങൾ ധാരണകളായി എന്നിൽ ബലം പ്രാപിച്ചു. ധാരണകൾ വിശ്വാസങ്ങളായി മനസിൽ പടർന്നു കയറി. മരിക്കണമെന്നായി പിന്നെ എൻറെ മോഹം. ജീവിതം മടുത്ത മനസ് മരിക്കാനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞു തുടങ്ങി. മനസു വല്ലാതെ ദുർബ്ബലമായി. വിഷാദം ആളിക്കത്തിച്ച നിരാശയുടെ അഗ്നിയിൽ ജീവിതം എരിഞ്ഞടങ്ങുന്നതുപോലെ...
         
               കണ്ണീർ നിലയ്ക്കാതെ പ്രവഹിക്കാൻ തുടങ്ങി. അതിഥി വന്നില്ല എന്ന കാരണം ഇതു വായിക്കുന്ന താങ്കൾക്കു നിസാരമായിരിക്കാം. യുക്തിരഹിതമായിരിക്കാം. പക്ഷെ എനിക്ക് അതു വളരെ വലുതാണ്. തളർന്ന ശരീരത്തോടെ താഴ്ന്ന ശിരസോടെ വിഷാദത്തിൻറെ നിലയില്ലാക്കയത്തിലേക്ക് നിയന്ത്രണംവിട്ടു ഞാൻ ആഴ്ന്നുകൊണ്ടേയിരുന്നു. 

ഇതിൽ നിന്നു രക്ഷപ്പെടാൻ ഇപ്പോൾ എനിക്കൊരു കൈത്താങ്ങ് കിട്ടിയിരുന്നെങ്കിൽ...!!!
ആരെങ്കിലും എന്നെയൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ...!!!
ആരെങ്കിലും എൻറെ അടുത്തൊന്നു വന്നിരുന്നെങ്കിൽ...!!!
ഏകാന്തതയുടെ ഈ ഭീകര നിമിഷങ്ങളിൽ എന്നോടൊന്ന് സംസാരിക്കാൻ ഏതെങ്കിലുമൊരു മനുഷ്യനുണ്ടായിരുന്നുവെങ്കിൽ...!!!



പ്രിയ സുഹൃത്തേ,
              വിഷാദത്തിൻറെ തടവറയിൽപ്പെട്ട സഹോദരങ്ങളോടുള്ള നമ്മുടെ ഉത്തരവാദിത്വം നമുക്ക് മറക്കാതിരിക്കാം. നമ്മുടെ ചെറിയ സൗഹൃദംപോലും അവർക്കു വലിയ സമ്മാനമാണ്. അവരിൽ പ്രത്യാശയും ആത്മധൈര്യവും സൗഹൃദവും വളർത്താൻ നാം ചെയ്യുന്ന ചെറിയ കാര്യങ്ങൾപോലും അവർക്കു ജീവിതം നിലനിർത്താനുള്ള ഊർജ്ജമാണ് എന്ന വസ്തുത മറക്കാതിരിക്കാം. സ്നേഹവും സൗഹൃദവും നിറഞ്ഞ ഒരു നല്ല മനസ്സും നല്ല ജീവിതവും ഈ തിരക്കുപിടിച്ച ലോകത്തു നമ്മുടെ സ്വന്തമായിരിക്കട്ടെ. 

       ഏകാന്തതയുടെ കൂരിരുട്ടിൽ കൂട്ടിന് ആരുമില്ലാത്തവർക്കു സൗഹൃദവും സന്തോഷവും പകരുന്ന അതിഥിയായി നമുക്കു കടന്നുചെല്ലാം. നമുക്ക് അവർ ഒരുപാടുപേരിൽ ചിലർ മാത്രമായിരിക്കാം. പക്ഷെ അവർക്കു നമ്മൾ പ്രതീക്ഷയുടെ ഒരു ലോകംതന്നെയായിരിക്കും. നമ്മുടെ സൗഹൃദത്തിൻറെ അതിരുകൾ ഇനിയും വിസ്തൃതമാകട്ടെ!!!

Rixon Jose
Consulting Psychologist
Sunrise Institute of Mental Health and Research (SIMHAR)
Ernakulam
Ph. 9447728147