Monday, 7 May 2018

മിബൊ

ആരോഗ്യ സംരക്ഷണത്തിൽ പുത്തൻ ചുവടു വയ്പാണ് മിബോ. ശരീരവും മനസും ഒരുപോലെ സുസ്ഥിതിയിലായിരിക്കുമ്പോഴാണ് ആരോഗ്യവും സന്തോഷവും നമ്മിൽ ഒരു  യാഥാർത്ഥ്യമാകുന്നത്. ശരീരവും മനസും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. ശാരീരിക ആരോഗ്യം പരിരക്ഷിക്കുന്നതിനോടൊപ്പം മാനസിക സന്തോഷത്തേയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു. ശാരീരികവും മാനസികവുമായ സുസ്ഥിതിക്ക് ആവശ്യമായതെല്ലാം ഏകോപിപ്പിച്ചുള്ള സമഗ്ര സമീപനമാണ് ഇന്ന് ആവശ്യം. ഇതാണ് മിബൊ ഹെൽത്ത് & ഹാപ്പിനെസ് കെയർ വിഭാവനം ചെയ്യുന്നത്. ആരോഗ്യ രംഗത്തു വിദഗ്ദരായ ഡോക്ടേഴ്സും മനഃശാസ്ത്രജ്ഞരും മറ്റു തെറാപിസ്റ്റുകളും ഇവിടെ  നേതൃത്വം നൽകുന്നു.  വിവിധ രോഗങ്ങൾക്കുള്ള ഫലപ്രദമായ ചികിത്സയോടൊപ്പം ആരോഗ്യവും സന്തോഷവും നിലനിർത്തുന്നതിനുവേണ്ട പ്രത്യേക പരിശീലനവും മിബൊ നൽകുന്നു.

വിവിധ ആരോഗ്യ ആവശ്യങ്ങൾക്ക് വിദഗ്ദരായവരെ കണ്ടുമുട്ടുവാൻ മികച്ച  നിലവാരമുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണ് മിബോ ഹെൽത്ത് & ഹാപ്പിനസ് കെയർ. നിങ്ങളുടെ മനസ്സിനിണങ്ങുന്ന സൗകര്യവും സൗഹാർദ്ദം നിറഞ്ഞ സമീപനവും ആത്മാർത്ഥമായ സേവനവും വിവിധ വിഭാഗങ്ങളിൽ മിബൊ ഒരുക്കിയിരിക്കുന്നു. വിശ്വസിച്ച് വെളിപ്പെടുത്തുന്ന സ്വകാര്യ വിവരങ്ങളെ  വിശ്വസ്തയോടെ കാത്തുസൂക്ഷിക്കുന്ന  ഉത്തമ സുഹൃത്താണ് മിബൊ. ആരോഗ്യത്തേയോ സന്തോഷത്തേയോ അസ്വസ്ഥമാക്കുന്ന ഏതു പ്രയാസവും സമയമെടുത്ത് ഇവിടെ പങ്കുവയ്ക്കാം. പ്രതിസന്ധികളിൽ സുഹൃത്തായി മിബൊ കൂടെയുണ്ട്.

കുട്ടികളുടെ ശാരീരികവും മാനസികവുമായ  വളർച്ച (Child Development Care), കുടുംബത്തിന്റെ സമഗ്ര ആരോഗ്യം (Family Wellness Care), മാനസികാരോഗ്യവും വ്യക്തിത്വ വികസനവും (Mental Health Care), ലഹരി-ദുശീലങ്ങളിൽ നിന്നുള്ള സമ്പൂർണ്ണ വിമുക്തി (Anti-Addiction Care), വിവിധ ആധുനിക ചികിത്സകളോടൊപ്പം നൽകുന്ന ആരോഗ്യ മനഃശാസ്ത്ര സമീപനം (Health Psychology Care) എന്നിവയാണ് മിബൊ ഏകോപിപ്പിച്ചിരിക്കുന്ന അഞ്ച്  പ്രധാന സേവന വിഭാഗങ്ങൾ. ഓരോ വിഭാഗത്തിലും പ്രത്യേക ഉപവിഭാഗങ്ങളോടെ വിദഗ്ദരായവർ നേതൃത്വം നൽകുന്നു.

MiBo Health & Happiness Care
Edappally, Ernakulam
Mob. 9447728147
04842339697

Sunday, 11 February 2018

"മാതാപിതാക്കളുടെ കയ്യിൽപ്പെടുന്നതിലും ഭേദം"

ഏതു പരാജയത്തിലും എത്ര വലിയ തകർച്ചയിലും സുരക്ഷിതത്വത്തിനായി  ഒരു കുട്ടി ആശ്രയിക്കേണ്ട മടിത്തട്ടാണ് മാതാപിതാക്കൾ...
പക്ഷെ, പരീക്ഷയിൽ മാർക്കു കുറയുമ്പോൾ,
സ്കൂളിലെ വിവിധ പരാതികളുമായി  ടീച്ചർമാരു 'ഭീഷണി'പ്പെടുത്തുമ്പോൾ,
പ്രണയങ്ങളിൽ തൊട്ടു കൈപൊള്ളുമ്പോൾ നമ്മുടെ കുട്ടികൾക്ക് തങ്ങളുടെ  മാതാപിതാക്കളിൽ എത്രമാത്രം സുരക്ഷിതത്വബോധം തോന്നാറുണ്ട്? അതോ ഭയമാണോ?

മാതാപിതാക്കളുടെ കയ്യിൽപ്പെടുന്നതിലും ഭേദം  കാട്ടുജീവികളുടെ കയ്യിൽപ്പെടുന്നതാണെന്നു കരുതി വീടുവിട്ടുപോകുന്ന കുട്ടികൾ....

മാതാപിതാക്കളുടെ ഷൗട്ടീംഗിൽപ്പെടുന്നതിനേക്കാൾ ഭേദം   മരിക്കുന്നതാണെന്നു കരുതി ആത്മഹത്യയ്ക്കൊരുങ്ങുന്ന കുട്ടികൾ...

തങ്ങൾ വീട്ടുകാർക്കുപോലും  വേണ്ടാത്തവരാണെന്ന ചിന്തയിൽ സ്വീകാര്യതയ്ക്കായി സാമൂഹിക വിരുദ്ധ ഗ്രൂപ്പുകളിൽ ചെന്നു പെടുന്ന കുട്ടികൾ...

സങ്കടകരമായ സീൻ... അല്ലേ...!!!

മക്കളും മാതാപിതാക്കളും തമ്മിലുള്ള മാനസിക അകലം ഇന്നു  കൂടിക്കൊണ്ടിരിക്കുന്നു...

ഒരുപാടു ടെൻഷൻ അനുഭവിച്ചു വലിയ  പ്രതീക്ഷയോടെ വളർത്തിക്കൊണ്ടുവരുന്ന കുട്ടികൾക്ക് തങ്ങളോട് അകൽച്ച തോന്നുന്നെങ്കിൽ മാതാപിതാക്കളുടെ ആ   കഷ്ടപ്പാടുകൾക്കൊണ്ട് എന്തു ഗുണം?

മാതാപിതാക്കൾ 'അഡ്മിനിസ്ട്രേറ്റേർ' ആയി തോന്നുന്നു നമ്മുടെ കുട്ടികൾക്ക്...
വാത്സല്യത്തിന്റേയും ആത്മബന്ധത്തിന്റേയും സ്നേഹ വികാരങ്ങളുടേയും ഗന്ധമില്ലാത്ത ഒരു  സ്ട്രിക്ട്  മാനേജ്മെന്റ് സിസ്റ്റമായി നമ്മുടെ പേരന്റീംഗ്  അധഃപതിക്കാതിരിക്കട്ടെ.

- Rixon

മൊബൈൽ നമ്മളെ മോശമാക്കുമോ?

    പോക്കറ്റിൽ നിന്നും ഒരു സ്മാർട്ട് ഫോണെടുത്ത് ടേബിളിലേക്കെറിഞ്ഞ് അയാൾ എന്നോട് പറഞ്ഞു: " ഈ ഒരൊറ്റ  സാധനമാണ് അവളെ മോശമാക്കിയത്... ഈ മൊബൈലാണ് എല്ലാ വഷളത്തരവും ഇന്നുണ്ടാക്കുന്നത്... ഇതു ലോകത്തുനിന്ന് നിരോധിച്ചാൽ തീരും ഇന്നത്തെ പല പ്രശ്നങ്ങളും..."

മൊബൈൽ ആരെയെങ്കിലും മോശമാക്കുമോ?

തികച്ചും നിർജ്ജീവമായ ഒരു വസ്തു...
സ്വയം ചിന്തിക്കാൻപോലും കഴിയാത്ത വെറും  ഒരു ഉപകരണം...
നാം കൈവിരൽത്തുമ്പുകൊണ്ട് നിർദ്ദേശിക്കുന്നവ മാത്രം ചെയ്യുന്ന ഒരു യാന്ത്രിക അടിമ....

പക്ഷെ നമ്മുടെ താത്പര്യങ്ങൾ...
അതിനനുസരിച്ച് നമ്മുടെ വിരലുകൾ അതിൽ നീങ്ങും...
വിരൽത്തുമ്പത്തു അതു തുറന്നു തരും നമ്മുടെ താത്പര്യങ്ങൾക്കു ചേർന്നവയെല്ലാം...
ഏതു ആൾക്കൂട്ടത്തിലും ഏതു ഏകാന്തതയിലും മൊബൈൽ നമ്മുടെ താത്പര്യങ്ങൾക്കായി സ്വകാര്യ അവസരങ്ങൾ തുറന്നിട്ടിരിക്കുന്നു...
ഇലക്ട്രോണിക് യുഗത്തിലെ വിസ്മയനീയ സാധ്യതകൾ ആർക്കും എന്തിനെപ്പറ്റിയും  അതിൽ പരതാം...

മൊബൈലല്ല, നമ്മുടെ മനസ്സിന്റെ താത്പര്യങ്ങളാണ് മാറേണ്ടത്....
മൊബൈലല്ല, നമ്മുടെ വ്യക്തിപരമായ ചിന്തകളാണ് മാറേണ്ടത്...
മൊബൈലല്ല, സ്വയം നിയന്ത്രിക്കാനാവാത്ത നമ്മുടെ ബലഹീനതയാണു മാറേണ്ടത്...

മൊബൈലെന്നല്ല ഒരു ഉപകരണവും ആരെയും മോശമാക്കുന്നില്ല നമുക്ക് നമ്മുടെമേലുള്ള നിയന്ത്രണം നാം  നഷ്ടപ്പെടുത്താത്തടുത്തോളം കാലം...

___________________________
- Rixon
+91-9447728147

Monday, 1 January 2018

വിവാഹത്തിനൊരുങ്ങുമ്പോൾ...

വിവാഹത്തിനൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ അഞ്ചു മനഃശാസ്ത്ര വസ്തുതകൾ ചുവടെ ചേർക്കുന്നു. വിവിധ കുടുംബ പ്രശ്നങ്ങളെ അടുത്തറിയാൻ ലഭിച്ച കൗൺസിലീംഗ്  അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാനിതു കുറിക്കുന്നത്. വിവാഹത്തിനൊരുങ്ങുന്നവർ ദയവായി ഇതു വായിക്കണം. 

1.മനഃപൊരുത്തം.
വിവാഹ ജീവിതത്തിനുവേണ്ട ഏറ്റവും പ്രധാന പൊരുത്തം വ്യക്തിത്വങ്ങളുടെ പരസ്പര പൊരുത്തമാണ്. പങ്കാളിയുടെ താത്പര്യങ്ങളിലും സ്വഭാവ രീതികളിലും ചിന്താഗതികളിലും പ്രതികരണങ്ങളിലും വിശ്വാസങ്ങളിലും എത്രമാത്രം നിങ്ങൾക്കു യോജിച്ചു പോകാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ മാനസിക പൊരുത്തം. പത്തിൽ എത്ര മാർക്കു കൊടുക്കാം ഈ  പൊരുത്തത്തിന് എന്നാലോചിക്കണം. പകുതിയിലും താഴെയാണെങ്കിൽ കുടുംബ ജീവിതം മുന്നോട്ടു പോകുന്നതിന് അസാമാന്യ സഹിഷ്ണതയും ക്ഷമയും വേണ്ടിവരും. മറ്റെന്തൊക്കെ പൊരുത്തങ്ങളുണ്ടെങ്കിലും വ്യക്തിത്വ പൊരുത്തമില്ലെങ്കിൽ അതുകൊണ്ടൊന്നും പ്രയോജനമില്ല എന്നു മനസിലാക്കിയിരിക്കണം.

2. പ്രണയം.
വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പും ഊഷ്മളയും നിർണ്ണയിക്കുന്നത് പരസ്പരമുള്ള പ്രണയത്തിലാണ്. ജീവിത പങ്കാളിയെ പ്രണയിക്കാനാവാത്ത  വിവാഹം ശ്വാസം നിലച്ച ശരീരം പോലെയാണ്. ആരുടേയും ഒന്നിന്റേയും  സമ്മർദ്ദത്താലല്ലാതെ, പങ്കാളിയെ  പ്രണയിക്കാനുള്ള സാധ്യതയെ വിലയിരുത്തിയായിരിക്കണം വിവാഹം ചെയ്യേണ്ടത്. വിവാഹത്തിനു മുമ്പ്  പരസ്പരം സംസാരിക്കുന്നതിനും മനസിലാക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും സമയവും സാഹചര്യങ്ങളും സൃഷ്ടിക്കണം.  പ്രണയം തോന്നാത്ത വ്യക്തിയെ വിവാഹം ചെയ്യുന്നതിൽ യാതൊരു യുക്തിയുമില്ല. കാരണം പ്രണയമാണ് ദാമ്പത്യ ബന്ധത്തിന്റെ ആത്മാവ്.

3. മനോഭാവം.
ആധുനിക കാലഘട്ടത്തിൽ വിവാഹത്തിനു പിന്നിലെ പ്രധാന ഘടകം മനോഭാവമാണ്. ഇന്ന് സ്ത്രീകൾ വിവാഹം ചെയ്യുന്നത് ജീവിക്കാൻ ഒരു പുരുഷ സഹായം വേണം എന്നതുകൊണ്ടല്ല. ഓരോ സ്ത്രീയും പരാശ്രയം കൂടാതെ ജീവിക്കാനുള്ള ആർജ്ജവമുള്ളവളാണ്. വിവാഹ ബന്ധം തകർന്നാൽ എങ്ങനെ ജീവിക്കും എന്ന ഉത്കണ്ഠക്കൊന്നും ഇന്നു വലിയ പ്രസക്തിയില്ല. ഒന്നിച്ചുള്ള ജീവിതത്തിന്റെ കംഫർട്ട് ആണ് ഇന്നു പ്രധാന കാര്യം. സുഖവും സ്വസ്ഥതയും. ഇതു ഓരോരുത്തരുടേയും മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഈ മനോഭാവം അറിയാൻ സാധിക്കുന്നത് പ്രധാനമായും വിവാഹത്തെ സംബന്ധിച്ച  പ്രതീക്ഷകളിൽ നിന്നാണ്. വിവാഹ ജീവിതത്തിൽ നിന്ന്, പങ്കാളിയിൽ നിന്ന്, പങ്കാളിയുടെ കുടുംബാംഗങ്ങളിൽ നിന്ന്, വിവാഹശേഷമുള്ള വ്യക്തിപരമായ ജീവിതത്തിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ആഗ്രഹങ്ങളെകുറിച്ചും ചോദിക്കണം. ആ ഉത്തരങ്ങളിൽ നിന്ന് മനോഭാവത്തെ തിരിച്ചറിയാം.

4. സഹിഷ്ണത.
വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന ആദ്യ ഘട്ടങ്ങളിൽ തമ്മിൽ ചേരുന്ന കാര്യങ്ങളായിരിക്കും പരസ്പരം  കൂടുതലും കാണുന്നത്. വിവാഹ ശേഷം ഒന്നിച്ചു ഒരേ ബെഡിൽ, ഒരേ മുറിയിൽ, ഒരേ സാഹചര്യത്തിൽ ഒരു പരിധിയിൽ കൂടുതൽ അഭിനയിക്കാനും മറച്ചുവയ്ക്കാനും കഴിയാത്തവിധം അടുത്തിടപെഴകുമ്പോഴാണ് തനിക്ക് ഇഷ്ടപെടാത്ത പലതും ശ്രദ്ധയിൽപെടുന്നത്. വ്യക്തികൾ ഓരോരുത്തരും പരസ്പരം വ്യത്യസ്തരാണ് എന്നതാണ് ഇതിനു കാരണം. പല വ്യത്യസ്തതകളേയും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. അവിടെ സഹിഷ്ണതയാണ് ഏക മരുന്ന്. പരാനുഭൂതിയോടെ പങ്കാളിയോട് സഹിഷ്ണുത കാണിക്കുന്നതിലാണ് വിവാഹത്തിന്റ നിലനിൽപ്. ആധുനിക ബന്ധങ്ങളിലെ ഒരു പ്രധാന കുറവ് സഹിഷ്ണതയില്ലായ്മയാണ്. വിവാഹ ജീവിതത്തിൽ അതൊരു വല്ലായ്മതന്നെ!!!

5. തുല്യത.
ഓരോരുത്തരും സ്വതന്ത്രരാണ്. ആ വ്യക്തി സ്വാതന്ത്രം മൗലീക അവകാശവുമാണ്. വിവാഹം ഈ മൗലീക അവകാശത്തിലുള്ള കടന്നുകയറ്റമല്ല. വിവാഹത്തെ ജീവിത പങ്കാളിയെ നിയന്ത്രിക്കാനുള്ള ചങ്ങലയായി കരുതരുത്. ഞാൻ സ്വാതന്ത്ര്യം കൊടുത്തു എന്നു വീമ്പടിക്കുന്നതിലും അർത്ഥമില്ല. കാരണം അതു അവകാശമാണ്. അതുകൊണ്ട് ജീവിത പങ്കാളിയുടെ സാമൂഹിക ബന്ധങ്ങളേയും സൗഹൃദങ്ങളേയും പ്രവർത്തന ശൈലിയേയും ജീവിത രീതിയേയും ബഹുമാനിക്കാൻ സാധിക്കണം. മാറ്റം വരുത്തേണ്ട കാര്യങ്ങൾ ബഹുമാനപൂർവ്വം ശ്രദ്ധയിൽപ്പെടുത്തുക. ആഗ്രഹിക്കുന്നപോലെ മാറണമെന്ന വാശിയും ശാരീരിക ഉപദ്രവങ്ങളും അടിച്ചേൽപ്പിക്കുന്ന ചട്ടങ്ങളും വിവാഹ ജീവിതത്തിനു ഒരു തരത്തിലും ചേരാത്തതാണ്. "എന്റെമാത്രം സ്വന്തം... എന്റേതു മാത്രം... ആർക്കും വിട്ടുകൊടുക്കില്ല..." എന്നൊക്കെയുള്ള കാഴ്ചപ്പാടുകൾ അടിമത്വത്തിന്റേതും ഏകാധിപത്യത്തിന്റേതുമാണ്. ഭയമൊ അധികാര ചിന്തയോ ആകാം ഇതിനു  കാരണങ്ങൾ. ഇതൊന്നുമല്ല സ്നേഹം. സ്നേഹം സ്വാതന്ത്ര്യമാണ്. പിടിച്ചെടുക്കേണ്ടതല്ല തിരിച്ചറിയേണ്ടതാണ് സ്നേഹം. വ്യക്തിസ്വാതന്ത്ര്യം നൽകുന്ന തുല്യതയെ ബഹുമാനിക്കാം.

- റിക്സൺ ജോസ്

Saturday, 21 October 2017

10 Common Mistakes in Thinking

10 common mistakes in thinking:

1. All-or-Nothing Thinking
You see things as black or white, never grey, e.g. if your performance falls short of perfect, you see yourself as a total failure.

2. Overgeneralisation
You see a single negative event as a never-ending pattern, e.g. “I messed up”, “I never get anything right”.

3. Mental Filter
You pick out a single negative detail and dwell on it exclusively so that your view of reality becomes darkened, like a drop of ink that discolours an entire glass of water.

4.Disqualifying the Positive
You reject positive experiences by insisting they “don’t count” for some reason or other. In this way you continue to see everything as negative even when your  everyday experiences contradict this.

5. Jumping to Conclusions
You make a negative interpretation even though there are no definite facts that convincingly support your interpretation. Eg. Mind reading, the fortune telling.

6. Magnification or Minimisation
You exaggerate the importance of things (such as your error or someone else’s 
success), or you incorrectly shrink things until they appear tiny (your own desirable qualities or the other person’s imperfections).

7. Emotional Reasoning
You believe that your negative emotions reflect the way that things really are: “I feel it, therefore it must be true”.

8. “Should” "Must" Statements
You try to motivate yourself with “shoulds” and “shouldn’ts” as if you had to be whipped and punished before you could be expected to do anything. The emotional consequence are feelings of guilt, or being inadequate or wrong. When you tell others they “should” do something, you feel anger, frustration and resentment.

9. Labelling and Mislabelling
This is an extreme form of overgeneralisation. Instead of describing your error, you 
attach a negative label to yourself: “I’m a loser” instead of “I didn’t do that well”. When someone else’s behaviour annoys you, you judge him/her as a “loser”. Mislabelling is describing an event with harsh, emotional or judging statements.

10. Personalisation
You blame yourself for being the cause of some negative event for which you were not responsible. So, for example, if something goes wrong and affects others negatively, you take on the blame for it and feel bad.

Tuesday, 21 March 2017

ഒരു മെക്സിക്കൻ അപാകത


     മാതാപിതാക്കളുടെ വിലാപങ്ങൾ  കരളലിയിക്കുന്നു. മക്കളുടെ അപ്രതീക്ഷിത അപാര പെർഫോമൻസുകൾ സഹിക്കാനാവാതെ കടുത്ത സങ്കടത്തിലാണ് ഇന്നു പലരും. ഒളിച്ചോട്ടം, ആത്മഹത്യ, കഞ്ചാവ്,  ഗുണ്ടായിസം, സെക്സ് റാക്കറ്റ് എന്നിങ്ങനെ നീളുന്നു മക്കളുടെ പെർഫോമൻസ് അപാരതകൾ. പെർഫോമൻസിനെ സംബന്ധിച്ചു യാതൊരു സൂചനയും നൽകാത്ത  മക്കളുടെ അപാരതകൾ മാധ്യമങ്ങളിലൂടെയും നാട്ടുകാരിലൂടെയുമാണ്  അവർ അറിയുന്നതത്രേ... ചങ്കു തകരുന്ന വേദനയാണ് അപ്പോൾ... കഷ്ടപ്പാടുകൾ അറിയിക്കാതെ വളർത്തിയ കഥകൾ പറഞ്ഞ് ത്യാഗത്തിന്റെ കണക്കുകൾ നിരത്തി "ഒരിക്കലും വിചാരിച്ചില്ല ഇവനിൽ നിന്നും ഇങ്ങനെയൊക്കെ" എന്ന പഞ്ച് ഡയലോഗോടെ അവസാനിക്കുന്ന തേങ്ങലുകൾ കേൾക്കുന്നവരിൽ ഈ ന്യൂജനറേഷനെതിരെ വികാരം നിറയും. പക്ഷെ ഞാൻ ഒരു അപാകത ആത്മാർത്ഥയുള്ള  മാതാപിതാക്കളിൽ പലരിലും കാണുന്നുണ്ട്. ഒരു 'മെക്സിക്കൻ അപാകത'.

    മാതാപിതാക്കൾ തങ്ങളുടെ  മക്കളുമായുള്ള  അനുഭവത്തിന്റേയും വാത്സല്യത്തിന്റേയും അടിസ്ഥാനത്തിൽ മക്കളോടുള്ള വിശ്വാസവും  പെരുമാറ്റവും ഒരു സോഫ്റ്റുവെയർപോലെ പ്രോഗ്രാം ചെയ്തിട്ടുണ്ട്. മക്കളോ, അവരുടെ സ്വപ്നങ്ങളും പെരുമാറ്റങ്ങളും ടെക്നോളജിയിലും മീഡിയയിലും ശ്രദ്ധിക്കുന്ന  ആധുനിക ലോകത്തിന്റെ വികസന വിസ്മയങ്ങളുടെ അടിസ്ഥാനത്തിൽ പ്രോഗ്രാം ചെയ്തിരിക്കുന്നു. ഈ ആധുനിക സോഫ്റ്റുവെയറിന്റെ സവിശേഷത അതു അനുദിനം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. അത് ഈ കാലഘട്ടത്തിന്റെ പ്രതിഭാസമാണ്. അപ്പോഴും ഈ ന്യൂജെനറേഷൻ സോഫ്റ്റുവെയർ നിയന്ത്രിക്കപ്പെടുന്നത് താരതമ്യേന സാവധാനത്തിൽ മാത്രം മാറ്റം വരുന്ന മാതാപിതാ-സോഫ്റ്റുവെയറിലാണ്. അവിടെയാണു പ്രശ്നം.  മാറിക്കൊണ്ടിരിക്കുന്ന നവീന തലമുറയ്ക്കനുസരിച്ച് അറിവിലും പ്രതീക്ഷകളിലും പ്രവർത്തനങ്ങളിലും  ബുദ്ധിപൂർവ്വം അപ്ഡേറ്റു ചെയ്യാത്ത പേരന്റീംഗ് ആണ് പലപ്പോഴും മക്കളെ വളർത്തുന്നതിലുള്ള ഇന്നത്തെ 'മെക്സിക്കൻ അപാകത'.

ഒരു ഉദാഹരണം: ഡിജിറ്റലൈസേഷന്റെ ഈ നാളുകളിൽ ഒരു  ബാങ്കിൽ ഒരാൾ കുറച്ചു പണം നിക്ഷേപിച്ചു. അത്യാവശ്യത്തിനു പണമെടുക്കാൻ ചെന്നപ്പോൾ ബാങ്കുകാരു പറയുവാ അതു ഓൺലൈൻ ഹാക്കർമാർ മോഷ്ടിച്ചുവെന്ന്. നമ്മൾ എങ്ങനെ പ്രതികരിക്കും!!! ഹാക്കർമാരുടെ തന്ത്രങ്ങളെ അതിജീവിക്കുന്ന ബാങ്കീംങ് സോഫ്റ്റുവെയർ ഇല്ലാത്തതിനു ബാങ്കിനെ കുറ്റപ്പെടുത്തി പണം തിരിച്ചു പിടിക്കുമോ? അതോ ഹാക്കർമാരെ കുറ്റം പറഞ്ഞു നാം  ബാങ്കിനോടു ക്ഷമിക്കുമോ? തീർച്ചയായും പണം തിരിച്ചു പിടിക്കും. പണത്തിന്റെ കാര്യത്തിലും മറ്റു സംവിധാനങ്ങളിലും നമ്മൾ അപ്റ്റു ഡേറ്റ് ആണ്. പക്ഷെ ഏറ്റവും വലിയ സ്വത്തായ മക്കളുടെ കാര്യത്തിൽ, അവരോടുള്ള പേരന്റീംഗ് ശൈലിയിൽ, സംഭാഷണങ്ങളിൽ, വാത്സല്യങ്ങളിൽ, പെരുമാറ്റങ്ങളിൽ, തമാശകളിൽ, നിരീക്ഷണങ്ങളിൽ, മനസിലാക്കലിൽ പലരും അപ്റ്റു ഡേറ്റ് അല്ല. മക്കളുടെ മനസിനുയോജിക്കുന്നില്ല  മാതാപിതാക്കൾ.  ആർക്കാണ് ഇവിടെ വീഴ്ച? ഇവിടെയും  ഹാക്കർമാരെ കുറ്റം പറഞ്ഞു സമയം കളയുമോ? അതോ സ്വയം അപ് ഡേറ്റ് ചെയ്യുമോ?

    നമുക്ക് അപ്ഡേറ്റു ചെയ്യാം മക്കളുടെ മാറുന്ന  സോഫ്റ്റുവെയറിനനുസരിച്ച്- മാറുന്ന പ്രവണതകൾക്കനുസരിച്ച്- മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച്. പഴിപറയാൻ നേരമില്ല. പാദങ്ങൾക്കടിയിലെ ശേഷിക്കുന്ന മണ്ണും ഒലിച്ചു പോകുന്നതിനുമുമ്പ് വേഗത്തിൽ അപ്ഡേറ്റു ചെയ്യാം. അതിനു പരിശ്രമം എന്ന  അൺലിമിറ്റഡ് ഡേറ്റ സബ്സ്ക്രൈബ് ചെയ്ത് മാറിവരുന്ന കാലഘട്ടത്തിനു ചേർന്ന ഫലപ്രദമായ അറിവുകൾക്കായി മനസ് ഫുൾടൈം ഓൺലൈനാക്കിയിടാം. സൈക്കോളജി, ഫിലോസഫി, ടെക്കനോളജി തുടങ്ങിയ എല്ലാ ഓളജികളും നമ്മിൽ അപ്ഡേറ്റായിരിക്കട്ടെ. അങ്ങനെ നമ്മുടെ മക്കളുടെ ജീവിതം ഹാക്കർമാരിൽ നിന്നും എപ്പോഴും  സുരക്ഷിതരായിരിക്കട്ടെ. അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അവർ മാതാപിതാക്കളെ അവരുടെ മനസിന്റെ പുറത്തേക്ക് അൺഇൻസ്റ്റാൾ ചെയ്തേക്കാം....
കാര്യങ്ങൾ കൈവിട്ടുപോകുംമുമ്പ്  തിരുത്താം നമുക്കീ 'മെക്സിക്കൻ അപാകത'...

- Rixon Jose
Consulting  Psychologist

മരണം മണക്കുന്ന മനസ്സ്

മരണം മണക്കുന്ന മനസ്സ്
--------------------------------------
(ആത്മഹത്യ മുൻകൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഹായകരമായ മനഃശാസ്ത്ര മാർഗ്ഗങ്ങൾ.)

😔"വിശ്വസിക്കാൻ പറ്റുന്നില്ല അവൾ മരിച്ചൂന്ന്.
മരിക്കാൻ മാത്രം എന്തുണ്ടായി ഇവിടെ???"

😓"എന്താണെങ്കിലും ഞങ്ങളോടോന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ അവൾക്ക്!!!"

😲"എന്തൊരു മണ്ടത്തരമാണവൾ ചെയ്തത്???"

😯 "ഈ തലമുറയെന്താ ഇങ്ങനെ????"

          ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ  അടുപ്പമുള്ളവർ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തിൽ ആത്മഹത്യ ചെയ്തവരെയും  മറ്റുള്ളവരെയും  കുറ്റപ്പെടുത്തി  സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടിൽ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദർഭങ്ങളിൽ മുകളിൽ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത്  അവസരോചിതമായ അടിയന്തിര രക്ഷാ  പ്രവർത്തനങ്ങളിൽ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.
   ഓരോ ആത്മഹത്യയും  തീവ്രമായ തീരുമാനം എന്നതിലുപരി അടിയന്തര പരിചരണം ലഭിക്കേണ്ടിയിരുന്ന കടുത്ത ഒരു മാനസിക ആഘാതമാണ്. ശ്രദ്ധിച്ചാൽ തിരിച്ചറിയാവുന്ന കുറേ ലക്ഷണങ്ങൾ കാണിക്കുന്ന ഒരു മാനസികാഘാതം. ആ ലക്ഷണങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ നമ്മുടെ  വ്യക്തി ബന്ധത്തിന്റെ സ്നേഹ ചരടുകൾ എത്ര ദുർബലമാണ് എന്നുവേണം മനസ്സിലാക്കാൻ. വിവരിക്കാൻ പറ്റാത്ത അതിതീവ്രമായ മാനസിക സമ്മർദ്ദം മനസ്സിനെ  ദുർബലപ്പെടുത്തി ആത്മഹത്യയിലേക്ക് ഒരു വ്യക്തിയെ തള്ളിനീക്കുന്ന അന്ധകാര നിമിഷങ്ങളെ ആ വ്യക്തിയോട് അടുപ്പമുള്ളവർക്കു ഒന്നു ശ്രദ്ധിച്ചാൽ തിരിച്ചറിയാനാകുന്നതേയുള്ളൂ. ആ തിരിച്ചറിവ് പ്രിയപ്പെട്ട വ്യക്തിക്കുവേണ്ടി മറ്റു പലതും മറന്ന് മുൻവിധിയില്ലാതെ  അടിയന്തിരമായി  പ്രവർത്തിക്കാൻ നമ്മെ സഹായിക്കും.   ആത്മഹത്യയുടെ അടിയന്തിര സന്ദർഭങ്ങളെ  തിരിച്ചറിയാനും അതിനനുസരിച്ച് ആ വ്യക്തിക്കുവേണ്ടി പ്രവർത്തിക്കാനും അനാസ്ഥ കാണിച്ചാൽ അതു ഗുരുതരമായ സ്നേഹരാഹിത്യമാണ്...  പ്രേരണയ്ക്കു തുല്യമായ കുറ്റകൃത്യം.

  മരണത്തിനു തുനിഞ്ഞിറങ്ങിയ മനസ്സ്  താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളിൽ പലതും പുറത്തു കാണിക്കും. ആത്മഹത്യയ്ക്കുള്ള മനസ്സിന്റെ ഈ മുന്നൊരുക്കങ്ങളെ നമുക്കു  തിരിച്ചറിയാനാകട്ടെ...

⬛ 1. അസാധാരണമായ പെരുമാറ്റങ്ങൾ

🔴അടുപ്പമുള്ളവരോടുള്ള സ്നേഹ സംഭാഷണങ്ങളിൽ നിന്നും പെട്ടെന്നുള്ള ഒഴിവാകൽ.
🔴അമിതമായ ഏകാന്തതയും അസാധാരണമായ നിശബ്ദതയും
🔴 മനസ്സിലുള്ള പ്രയാസത്തെ അടുപ്പമുള്ളവരുടെ മുമ്പിൽ നിഷേധിക്കാനും മൂടിവെയ്ക്കാനുമുള്ള പ്രത്യേക പരിശ്രമങ്ങൾ.
🔴 ഒറ്റക്കും അടുപ്പമുള്ളവരുടെ മുന്നിലുമുള്ള  നിയന്ത്രണാതീതമായ കരച്ചിൽ.
🔴 പെട്ടെന്നു കാണപ്പെടുന്ന നിഗൂഢമായ ശാന്തത.
🔴 അസാധാരണമായ അഭ്യർത്ഥനകളും  ആഗ്രഹങ്ങളും.
🔴 മുന്നൊരുക്കമായ ചില അസാധാരണ ക്രമീകരണങ്ങൾ.
🔴 അടുപ്പമുള്ളവരോടു കാണിക്കുന്ന അസാധാരണമായ വൈകാരിക സ്നേഹ പ്രകടനങ്ങൾ
🔴 സാധാരണയായി പാലിച്ചുകൊണ്ടിരുന്ന  പൊതു നിയമങ്ങൾ, പൊതുവായ പെരുമാറ്റ രീതികൾ, മതാനുഷ്ഠാനങ്ങൾ എന്നിവയുടെ  ലംഘനം.
🔴 അസമയത്തുള്ള യാത്രകൾ/ അസമയത്തുള്ള പുറത്തു പോകൽ/  അസമയത്തുള്ള തിരിച്ചു വരവ്
🔴 രാത്രിമുഴുവൻ നീണ്ടു നിൽക്കുന്ന  ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിതമായ അസാധാരണ ഉറക്കം.
🔴 പാട്ട്, സിനിമ തുടങ്ങിയ  വിനോദങ്ങളിൽ നിന്നും  സന്തോഷകരമായ മറ്റു കാര്യങ്ങളിൽ നിന്നുമുള്ള അകാരണമായ പിൻമാറ്റം.
🔴 ഭക്ഷണം, വെള്ളം, സൗന്ദര്യത്തിലുള്ള ശ്രദ്ധ എന്നിവ അകാരണമായി ഒഴിവാക്കുന്നത്.
🔴 ചെയ്തുകൊണ്ടിരുന്ന  ജോലിയിലും ഏറ്റെടുത്ത ദൗത്യങ്ങളിലുമുള്ള അകാരണമായ പിൻമാറ്റം.
🔴 കണ്ണാടിയിലൊ ഫോട്ടോയിലോ സ്വന്തം മുഖം നോക്കിയുള്ള അസാധാരണ വികാരാധീന പ്രകടനങ്ങൾ
🔴 അസാധാരണമായ സ്വകാര്യ എഴുത്തുകുത്തുകൾ. ആത്മഹത്യാകുറിപ്പുകൾ.
🔴 സാധാരണ കാര്യങ്ങളിൽ കാണുന്ന അസാധാരണമായ ശ്രദ്ധയില്ലായ്മ.
🔴 നിലവിലുള്ള സാഹചര്യത്തിൽ നിന്നും മനസ്സുമാറി  ഗൗരവമേറിയ ഏതോ ചിന്തിയിലാണ്ടിരിക്കുന്നത്.
🔴 ജീവനോടുക്കാനുള്ള മാർഗ്ഗങ്ങൾ ഇന്റർനെറ്റിലോ സംസാരത്തിലോ ബുദ്ധിപൂർവ്വം തിരയുന്നത്.
🔴 ജീവനൊടുക്കാനുള്ള ചില വസ്തുക്കൾ മുറിയിൽ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുന്നത്.
🔴പെട്ടെന്ന് എല്ലാറ്റിനോടുമുള്ള താത്പര്യക്കുറവ്.

⬛ 2. സൂചന തരുന്ന സംസാരങ്ങൾ

🔴 "മതിയായി", "മരിച്ചാൽ മതിയായിരുന്നു", "ചിലതു തീരുമാനിച്ചിട്ടുണ്ട്", തുടങ്ങിയ ആത്മഹത്യാ സൂചകങ്ങൾ.
🔴 "നോക്കിക്കോ",  "എല്ലാവരേയും ഞാൻ കാണിച്ചു തരാം" എന്നിങ്ങനെയുള്ള ഭീഷണികൾ.
🔴 തിയതിയും  ദിവസവും പറഞ്ഞുള്ള തീരുമാന പ്രസ്താവനകൾ.
🔴 ആത്മഹത്യ ചെയ്യാനുള്ള ഉദ്യമത്തേയും മരണത്തേയും സാധൂകരിച്ചുള്ള സംസാരങ്ങൾ
🔴 ആത്മഹത്യ ചെയ്തവരെപ്പറ്റിയുള്ള സംസാരങ്ങൾ.
🔴 "എനിക്ക് ആരുമില്ല", "ജീവിക്കാൻ ഇനി ഒരു മാർഗ്ഗവുമില്ല", "ഞാൻ നശിച്ചു" തുടങ്ങിയ നിരാശയാർന്നതും മനസ്സു മടുത്തതുമായ വാക്കുകൾ.
🔴 അസാധാരണ ഗൗരവം പ്രകടമാകുന്ന ദൃഢമായ മറുപടികൾ.

⬛  3.ശരീര-മുഖ ഭാവങ്ങളിൽ തെളിയുന്ന സൂചനകൾ

🔴 അതീവ ദുഃഖം അമർത്തിപ്പിടിച്ച നിറഞ്ഞ വാടിയ മുഖം.
🔴 അനുദിന പ്രവർത്തനങ്ങളിൽ ആവശ്യത്തിനു ശ്രദ്ധ ചെലുത്താത്ത, ഏകാഗ്രതയില്ലാത്ത കണ്ണുകളുടെ ചലനം.
🔴 ക്ഷീണം തോന്നുന്ന ശരീരം.
🔴 അകാരണമായ ശരീര വേദന.
🔴 കടുത്ത മാനസിക സമ്മർദ്ദം തോന്നുന്ന മുഖഭാവം.
🔴 എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്ന ദൃഢമായ ചലനങ്ങൾ.
🔴 ശരീരത്തിന്റ ഭാരം അസാധാരണമായി കുറയുന്നത്.
🔴 ലൈംഗീക ബന്ധത്തോടു പെട്ടെന്നുള്ള താത്പര്യക്കുറവ്.
🔴 വസ്ത്രധാരണത്തിലും അണിഞ്ഞൊരുങ്ങുന്നതിലുമുള്ള താത്പര്യക്കുറവുമൂലം കാഴ്ചയിൽ പ്രകടമാകുന്ന ശ്രദ്ധേയമായ മാറ്റങ്ങൾ.
🔴 സാധാരണ നിറത്തിൽ നിന്നും കൂടുതൽ ഇരുണ്ടതായി തോന്നുന്ന മുഖം.
🔴 സ്വതന്ത്രമായും സ്വാഭാവികമായും തമാശകളുടേയും വ്യക്തികളുടേയും മുമ്പിൽ ചിരിക്കാനുള്ള അസാധാരണ വിമുഖത.

⬛ 4. തീവ്രമായ വൈകാരിക നില

🔴 കൃത്യമായി വേർതിരിച്ചൂ മനസിലാക്കാനാവാത്ത അതിതീവ്രമായ വൈകാരിക പ്രശ്നങ്ങൾ
🔴 നിയന്ത്രണാധീതമായ നിരാശ, സങ്കടം, ദേഷ്യം, വൈരാഗ്യം.
🔴 തീരുമാനിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അടക്കിവച്ചിരിക്കുന്ന തീവ്ര വികാരങ്ങൾ.

----------------------------------------------
ആത്മഹത്യയുടെ സാധ്യത മനസ്സിലാക്കിയാൽ നാം ചെയ്യേണ്ട പ്രാഥമിക മനഃശാസ്ത്ര നടപടികൾ:
👇👇👇👇👇👇👇👇👇👇

👉 1, ആ വ്യക്തിക്കായി നിങ്ങൾ മുൻകൈ എടുക്കുക. ഉറച്ച തീരുമാനം എടുത്തവർ സഹായം ചോദിക്കില്ല. അതിനാൽ അടുപ്പം പ്രയോജനപ്പെടുത്തി അദ്ദേഹത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുക.

👉 2, സൗഹൃദം സ്ഥാപിക്കുക.
കുറ്റപ്പെടുത്തലോ, തെറ്റ്-ശരി പ്രസ്താവനകളോ, ഉപദേശങ്ങളോ ഈ അവസരത്തിൽ നടത്തരുത്.
എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യവും വിശ്വാസ്യതയുമുള്ള ആത്മാർത്ഥ സുഹൃത്തിനെയാണ് ആ വ്യക്തിക്ക് ഇവിടെ ആവശ്യം.

👉 3, നന്നായി കേൾക്കുക. മുൻവിധികൾ മാറ്റിവച്ച്, തിരിച്ചു പറയാൻ തിടുക്കം കൂട്ടാതെ, തിരക്കുകൾ ഒഴിവാക്കി ക്ഷമയോടെ അദ്ദേഹത്തിനു പറയാനുള്ളതു മുഴുവൻ കേൾക്കുക. പറയുന്ന വാക്കുകൾ മാത്രമല്ല, പറയാത്ത പ്രധാന കാര്യങ്ങളും ശ്രദ്ധിക്കുക. കേൾവിയിലൂടെ മാനസിക നില മനസ്സിലാക്കുക.

👉 4. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തേയും പദ്ധതികളേയും സംബന്ധിച്ച് ഉചിതമായ രീതിയിൽ ചോദിച്ചു മനസ്സിലാക്കുക.

👉5.  അദ്ദേഹം തീരുമാനിച്ചിരിക്കുന്ന ആത്മഹത്യ ചെയ്യരുതെന്നു പറയുന്നതിനു പകരം തത്കാലത്തേക്ക് അതു മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുക.

👉 6. പ്രൊഫഷണൽ സൈക്കോളജിസ്റ്റിന്റെയോ  (സാധിക്കുന്നടുത്തോളം ക്ലിനിക്കൽ സൈക്കോളജിസ്റ്റുതന്നെ വേണം) സൈക്ക്യാട്രിസ്റ്റിന്റേയോ സഹായം സ്വീകരിക്കാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുകയും അതിനുവേണ്ട ക്രമീകരണങ്ങൾ അടിയന്തിരമായി നടപ്പാക്കുകയും ചെയ്യുക. സമയം ഒരോ മിനിറ്റും  ഇവിടെ വളരെയധികം വിലപ്പെട്ടതാണ് എന്നോർമ്മിക്കുക.

👉 7, വ്യക്തിയുടെ ഉത്തരവാദിത്വപ്പെട്ട ഏറ്റവും  അടുത്ത ബന്ധുവിനെ ഉചിതമായ രീതിയിൽ ഗൗരവം മനസ്സിലാക്കുംവിധം വിവരം ധരിപ്പിക്കുക. വളരെയധികം ശ്രദ്ധയോടെ ഇതു കൈകാര്യം ചെയ്യണം.

👉 8, ആശങ്കകളോ അവ്യക്തതകളോ ഉണ്ടെങ്കിൽ നിങ്ങൾക്കു പരിചയമുള്ള, മാനസികാരോഗ്യ മേഖലയിൽ പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഒരു വിദഗ്ദ്ധനോട് ഫോണിലോ നേരിട്ടോ  എത്രയും വേഗം സംസാരിച്ച് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക.

👉 9, ആത്മഹത്യാപ്രവണതയുള്ള വ്യക്തിയുടെ നീക്കങ്ങൾ നിങ്ങളുടെ കരുതലുള്ള ഹൃദയത്തോടെ നിരന്തരം നിരീക്ഷിക്കുക.

👉 10, ആത്മഹത്യ ചെയ്യാനുള്ള നീക്കങ്ങളുമായി അയാൾ മുന്നോട്ടുപോകുന്ന പക്ഷം പോലീസ് സഹായം തേടുകയും ഉചിതമായ രീതിയിൽ ഫലപ്രദമായ  രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുകയും ചെയ്യുക.

ഇത്തരം സന്ദർഭങ്ങളിൽ ആത്മഹത്യയെ പ്രതിരോധിക്കുവാൻ നിങ്ങളോടൊപ്പം ഞാനും എന്റെ സുഹൃത്തുക്കളും സജീവമായുണ്ട്. സാഹചര്യത്തിന്റെ ഗൗരവമനുസരിച്ച് ഏതു  സമയത്തും എന്നെ വിളിക്കാം. ജീവന്റെ മണമുള്ള മനസ്സ് നമ്മിലും നമുക്ക് ചുറ്റും വളരട്ടെ!!!

- Rixon Jose
Consultant Psychologist
Mob. +91- 9447728147
Winner's World Foundation
Ernakulam, Kerala