Monday, 7 May 2018

മിബൊ

ആരോഗ്യ സംരക്ഷണത്തിൽ പുത്തൻ ചുവടു വയ്പാണ് മിബോ. ശരീരവും മനസും ഒരുപോലെ സുസ്ഥിതിയിലായിരിക്കുമ്പോഴാണ് ആരോഗ്യവും സന്തോഷവും നമ്മിൽ ഒരു  യാഥാർത്ഥ്യമാകുന്നത്. ശരീരവും മനസും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. ശാരീരിക ആരോഗ്യം പരിരക്ഷിക്കുന്നതിനോടൊപ്പം മാനസിക സന്തോഷത്തേയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു. ശാരീരികവും മാനസികവുമായ സുസ്ഥിതിക്ക് ആവശ്യമായതെല്ലാം ഏകോപിപ്പിച്ചുള്ള സമഗ്ര സമീപനമാണ് ഇന്ന് ആവശ്യം. ഇതാണ് മിബൊ ഹെൽത്ത് & ഹാപ്പിനെസ് കെയർ വിഭാവനം ചെയ്യുന്നത്. ആരോഗ്യ രംഗത്തു വിദഗ്ദരായ ഡോക്ടേഴ്സും മനഃശാസ്ത്രജ്ഞരും മറ്റു തെറാപിസ്റ്റുകളും ഇവിടെ  നേതൃത്വം നൽകുന്നു.  വിവിധ രോഗങ്ങൾക്കുള്ള ഫലപ്രദമായ ചികിത്സയോടൊപ്പം ആരോഗ്യവും സന്തോഷവും നിലനിർത്തുന്നതിനുവേണ്ട പ്രത്യേക പരിശീലനവും മിബൊ നൽകുന്നു.

വിവിധ ആരോഗ്യ ആവശ്യങ്ങൾക്ക് വിദഗ്ദരായവരെ കണ്ടുമുട്ടുവാൻ മികച്ച  നിലവാരമുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണ് മിബോ ഹെൽത്ത് & ഹാപ്പിനസ് കെയർ. നിങ്ങളുടെ മനസ്സിനിണങ്ങുന്ന സൗകര്യവും സൗഹാർദ്ദം നിറഞ്ഞ സമീപനവും ആത്മാർത്ഥമായ സേവനവും വിവിധ വിഭാഗങ്ങളിൽ മിബൊ ഒരുക്കിയിരിക്കുന്നു. വിശ്വസിച്ച് വെളിപ്പെടുത്തുന്ന സ്വകാര്യ വിവരങ്ങളെ  വിശ്വസ്തയോടെ കാത്തുസൂക്ഷിക്കുന്ന  ഉത്തമ സുഹൃത്താണ് മിബൊ. ആരോഗ്യത്തേയോ സന്തോഷത്തേയോ അസ്വസ്ഥമാക്കുന്ന ഏതു പ്രയാസവും സമയമെടുത്ത് ഇവിടെ പങ്കുവയ്ക്കാം. പ്രതിസന്ധികളിൽ സുഹൃത്തായി മിബൊ കൂടെയുണ്ട്.

കുട്ടികളുടെ ശാരീരികവും മാനസികവുമായ  വളർച്ച (Child Development Care), കുടുംബത്തിന്റെ സമഗ്ര ആരോഗ്യം (Family Wellness Care), മാനസികാരോഗ്യവും വ്യക്തിത്വ വികസനവും (Mental Health Care), ലഹരി-ദുശീലങ്ങളിൽ നിന്നുള്ള സമ്പൂർണ്ണ വിമുക്തി (Anti-Addiction Care), വിവിധ ആധുനിക ചികിത്സകളോടൊപ്പം നൽകുന്ന ആരോഗ്യ മനഃശാസ്ത്ര സമീപനം (Health Psychology Care) എന്നിവയാണ് മിബൊ ഏകോപിപ്പിച്ചിരിക്കുന്ന അഞ്ച്  പ്രധാന സേവന വിഭാഗങ്ങൾ. ഓരോ വിഭാഗത്തിലും പ്രത്യേക ഉപവിഭാഗങ്ങളോടെ വിദഗ്ദരായവർ നേതൃത്വം നൽകുന്നു.

MiBo Health & Happiness Care
Edappally, Ernakulam
Mob. 9447728147
04842339697

Sunday, 11 February 2018

"മാതാപിതാക്കളുടെ കയ്യിൽപ്പെടുന്നതിലും ഭേദം"

ഏതു പരാജയത്തിലും എത്ര വലിയ തകർച്ചയിലും സുരക്ഷിതത്വത്തിനായി  ഒരു കുട്ടി ആശ്രയിക്കേണ്ട മടിത്തട്ടാണ് മാതാപിതാക്കൾ...
പക്ഷെ, പരീക്ഷയിൽ മാർക്കു കുറയുമ്പോൾ,
സ്കൂളിലെ വിവിധ പരാതികളുമായി  ടീച്ചർമാരു 'ഭീഷണി'പ്പെടുത്തുമ്പോൾ,
പ്രണയങ്ങളിൽ തൊട്ടു കൈപൊള്ളുമ്പോൾ നമ്മുടെ കുട്ടികൾക്ക് തങ്ങളുടെ  മാതാപിതാക്കളിൽ എത്രമാത്രം സുരക്ഷിതത്വബോധം തോന്നാറുണ്ട്? അതോ ഭയമാണോ?

മാതാപിതാക്കളുടെ കയ്യിൽപ്പെടുന്നതിലും ഭേദം  കാട്ടുജീവികളുടെ കയ്യിൽപ്പെടുന്നതാണെന്നു കരുതി വീടുവിട്ടുപോകുന്ന കുട്ടികൾ....

മാതാപിതാക്കളുടെ ഷൗട്ടീംഗിൽപ്പെടുന്നതിനേക്കാൾ ഭേദം   മരിക്കുന്നതാണെന്നു കരുതി ആത്മഹത്യയ്ക്കൊരുങ്ങുന്ന കുട്ടികൾ...

തങ്ങൾ വീട്ടുകാർക്കുപോലും  വേണ്ടാത്തവരാണെന്ന ചിന്തയിൽ സ്വീകാര്യതയ്ക്കായി സാമൂഹിക വിരുദ്ധ ഗ്രൂപ്പുകളിൽ ചെന്നു പെടുന്ന കുട്ടികൾ...

സങ്കടകരമായ സീൻ... അല്ലേ...!!!

മക്കളും മാതാപിതാക്കളും തമ്മിലുള്ള മാനസിക അകലം ഇന്നു  കൂടിക്കൊണ്ടിരിക്കുന്നു...

ഒരുപാടു ടെൻഷൻ അനുഭവിച്ചു വലിയ  പ്രതീക്ഷയോടെ വളർത്തിക്കൊണ്ടുവരുന്ന കുട്ടികൾക്ക് തങ്ങളോട് അകൽച്ച തോന്നുന്നെങ്കിൽ മാതാപിതാക്കളുടെ ആ   കഷ്ടപ്പാടുകൾക്കൊണ്ട് എന്തു ഗുണം?

മാതാപിതാക്കൾ 'അഡ്മിനിസ്ട്രേറ്റേർ' ആയി തോന്നുന്നു നമ്മുടെ കുട്ടികൾക്ക്...
വാത്സല്യത്തിന്റേയും ആത്മബന്ധത്തിന്റേയും സ്നേഹ വികാരങ്ങളുടേയും ഗന്ധമില്ലാത്ത ഒരു  സ്ട്രിക്ട്  മാനേജ്മെന്റ് സിസ്റ്റമായി നമ്മുടെ പേരന്റീംഗ്  അധഃപതിക്കാതിരിക്കട്ടെ.

- Rixon

മൊബൈൽ നമ്മളെ മോശമാക്കുമോ?

    പോക്കറ്റിൽ നിന്നും ഒരു സ്മാർട്ട് ഫോണെടുത്ത് ടേബിളിലേക്കെറിഞ്ഞ് അയാൾ എന്നോട് പറഞ്ഞു: " ഈ ഒരൊറ്റ  സാധനമാണ് അവളെ മോശമാക്കിയത്... ഈ മൊബൈലാണ് എല്ലാ വഷളത്തരവും ഇന്നുണ്ടാക്കുന്നത്... ഇതു ലോകത്തുനിന്ന് നിരോധിച്ചാൽ തീരും ഇന്നത്തെ പല പ്രശ്നങ്ങളും..."

മൊബൈൽ ആരെയെങ്കിലും മോശമാക്കുമോ?

തികച്ചും നിർജ്ജീവമായ ഒരു വസ്തു...
സ്വയം ചിന്തിക്കാൻപോലും കഴിയാത്ത വെറും  ഒരു ഉപകരണം...
നാം കൈവിരൽത്തുമ്പുകൊണ്ട് നിർദ്ദേശിക്കുന്നവ മാത്രം ചെയ്യുന്ന ഒരു യാന്ത്രിക അടിമ....

പക്ഷെ നമ്മുടെ താത്പര്യങ്ങൾ...
അതിനനുസരിച്ച് നമ്മുടെ വിരലുകൾ അതിൽ നീങ്ങും...
വിരൽത്തുമ്പത്തു അതു തുറന്നു തരും നമ്മുടെ താത്പര്യങ്ങൾക്കു ചേർന്നവയെല്ലാം...
ഏതു ആൾക്കൂട്ടത്തിലും ഏതു ഏകാന്തതയിലും മൊബൈൽ നമ്മുടെ താത്പര്യങ്ങൾക്കായി സ്വകാര്യ അവസരങ്ങൾ തുറന്നിട്ടിരിക്കുന്നു...
ഇലക്ട്രോണിക് യുഗത്തിലെ വിസ്മയനീയ സാധ്യതകൾ ആർക്കും എന്തിനെപ്പറ്റിയും  അതിൽ പരതാം...

മൊബൈലല്ല, നമ്മുടെ മനസ്സിന്റെ താത്പര്യങ്ങളാണ് മാറേണ്ടത്....
മൊബൈലല്ല, നമ്മുടെ വ്യക്തിപരമായ ചിന്തകളാണ് മാറേണ്ടത്...
മൊബൈലല്ല, സ്വയം നിയന്ത്രിക്കാനാവാത്ത നമ്മുടെ ബലഹീനതയാണു മാറേണ്ടത്...

മൊബൈലെന്നല്ല ഒരു ഉപകരണവും ആരെയും മോശമാക്കുന്നില്ല നമുക്ക് നമ്മുടെമേലുള്ള നിയന്ത്രണം നാം  നഷ്ടപ്പെടുത്താത്തടുത്തോളം കാലം...

___________________________
- Rixon
+91-9447728147

Monday, 1 January 2018

വിവാഹത്തിനൊരുങ്ങുമ്പോൾ...

വിവാഹത്തിനൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ അഞ്ചു മനഃശാസ്ത്ര വസ്തുതകൾ ചുവടെ ചേർക്കുന്നു. വിവിധ കുടുംബ പ്രശ്നങ്ങളെ അടുത്തറിയാൻ ലഭിച്ച കൗൺസിലീംഗ്  അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാനിതു കുറിക്കുന്നത്. വിവാഹത്തിനൊരുങ്ങുന്നവർ ദയവായി ഇതു വായിക്കണം. 

1.മനഃപൊരുത്തം.
വിവാഹ ജീവിതത്തിനുവേണ്ട ഏറ്റവും പ്രധാന പൊരുത്തം വ്യക്തിത്വങ്ങളുടെ പരസ്പര പൊരുത്തമാണ്. പങ്കാളിയുടെ താത്പര്യങ്ങളിലും സ്വഭാവ രീതികളിലും ചിന്താഗതികളിലും പ്രതികരണങ്ങളിലും വിശ്വാസങ്ങളിലും എത്രമാത്രം നിങ്ങൾക്കു യോജിച്ചു പോകാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ മാനസിക പൊരുത്തം. പത്തിൽ എത്ര മാർക്കു കൊടുക്കാം ഈ  പൊരുത്തത്തിന് എന്നാലോചിക്കണം. പകുതിയിലും താഴെയാണെങ്കിൽ കുടുംബ ജീവിതം മുന്നോട്ടു പോകുന്നതിന് അസാമാന്യ സഹിഷ്ണതയും ക്ഷമയും വേണ്ടിവരും. മറ്റെന്തൊക്കെ പൊരുത്തങ്ങളുണ്ടെങ്കിലും വ്യക്തിത്വ പൊരുത്തമില്ലെങ്കിൽ അതുകൊണ്ടൊന്നും പ്രയോജനമില്ല എന്നു മനസിലാക്കിയിരിക്കണം.

2. പ്രണയം.
വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പും ഊഷ്മളയും നിർണ്ണയിക്കുന്നത് പരസ്പരമുള്ള പ്രണയത്തിലാണ്. ജീവിത പങ്കാളിയെ പ്രണയിക്കാനാവാത്ത  വിവാഹം ശ്വാസം നിലച്ച ശരീരം പോലെയാണ്. ആരുടേയും ഒന്നിന്റേയും  സമ്മർദ്ദത്താലല്ലാതെ, പങ്കാളിയെ  പ്രണയിക്കാനുള്ള സാധ്യതയെ വിലയിരുത്തിയായിരിക്കണം വിവാഹം ചെയ്യേണ്ടത്. വിവാഹത്തിനു മുമ്പ്  പരസ്പരം സംസാരിക്കുന്നതിനും മനസിലാക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും സമയവും സാഹചര്യങ്ങളും സൃഷ്ടിക്കണം.  പ്രണയം തോന്നാത്ത വ്യക്തിയെ വിവാഹം ചെയ്യുന്നതിൽ യാതൊരു യുക്തിയുമില്ല. കാരണം പ്രണയമാണ് ദാമ്പത്യ ബന്ധത്തിന്റെ ആത്മാവ്.

3. മനോഭാവം.
ആധുനിക കാലഘട്ടത്തിൽ വിവാഹത്തിനു പിന്നിലെ പ്രധാന ഘടകം മനോഭാവമാണ്. ഇന്ന് സ്ത്രീകൾ വിവാഹം ചെയ്യുന്നത് ജീവിക്കാൻ ഒരു പുരുഷ സഹായം വേണം എന്നതുകൊണ്ടല്ല. ഓരോ സ്ത്രീയും പരാശ്രയം കൂടാതെ ജീവിക്കാനുള്ള ആർജ്ജവമുള്ളവളാണ്. വിവാഹ ബന്ധം തകർന്നാൽ എങ്ങനെ ജീവിക്കും എന്ന ഉത്കണ്ഠക്കൊന്നും ഇന്നു വലിയ പ്രസക്തിയില്ല. ഒന്നിച്ചുള്ള ജീവിതത്തിന്റെ കംഫർട്ട് ആണ് ഇന്നു പ്രധാന കാര്യം. സുഖവും സ്വസ്ഥതയും. ഇതു ഓരോരുത്തരുടേയും മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഈ മനോഭാവം അറിയാൻ സാധിക്കുന്നത് പ്രധാനമായും വിവാഹത്തെ സംബന്ധിച്ച  പ്രതീക്ഷകളിൽ നിന്നാണ്. വിവാഹ ജീവിതത്തിൽ നിന്ന്, പങ്കാളിയിൽ നിന്ന്, പങ്കാളിയുടെ കുടുംബാംഗങ്ങളിൽ നിന്ന്, വിവാഹശേഷമുള്ള വ്യക്തിപരമായ ജീവിതത്തിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ആഗ്രഹങ്ങളെകുറിച്ചും ചോദിക്കണം. ആ ഉത്തരങ്ങളിൽ നിന്ന് മനോഭാവത്തെ തിരിച്ചറിയാം.

4. സഹിഷ്ണത.
വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന ആദ്യ ഘട്ടങ്ങളിൽ തമ്മിൽ ചേരുന്ന കാര്യങ്ങളായിരിക്കും പരസ്പരം  കൂടുതലും കാണുന്നത്. വിവാഹ ശേഷം ഒന്നിച്ചു ഒരേ ബെഡിൽ, ഒരേ മുറിയിൽ, ഒരേ സാഹചര്യത്തിൽ ഒരു പരിധിയിൽ കൂടുതൽ അഭിനയിക്കാനും മറച്ചുവയ്ക്കാനും കഴിയാത്തവിധം അടുത്തിടപെഴകുമ്പോഴാണ് തനിക്ക് ഇഷ്ടപെടാത്ത പലതും ശ്രദ്ധയിൽപെടുന്നത്. വ്യക്തികൾ ഓരോരുത്തരും പരസ്പരം വ്യത്യസ്തരാണ് എന്നതാണ് ഇതിനു കാരണം. പല വ്യത്യസ്തതകളേയും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. അവിടെ സഹിഷ്ണതയാണ് ഏക മരുന്ന്. പരാനുഭൂതിയോടെ പങ്കാളിയോട് സഹിഷ്ണുത കാണിക്കുന്നതിലാണ് വിവാഹത്തിന്റ നിലനിൽപ്. ആധുനിക ബന്ധങ്ങളിലെ ഒരു പ്രധാന കുറവ് സഹിഷ്ണതയില്ലായ്മയാണ്. വിവാഹ ജീവിതത്തിൽ അതൊരു വല്ലായ്മതന്നെ!!!

5. തുല്യത.
ഓരോരുത്തരും സ്വതന്ത്രരാണ്. ആ വ്യക്തി സ്വാതന്ത്രം മൗലീക അവകാശവുമാണ്. വിവാഹം ഈ മൗലീക അവകാശത്തിലുള്ള കടന്നുകയറ്റമല്ല. വിവാഹത്തെ ജീവിത പങ്കാളിയെ നിയന്ത്രിക്കാനുള്ള ചങ്ങലയായി കരുതരുത്. ഞാൻ സ്വാതന്ത്ര്യം കൊടുത്തു എന്നു വീമ്പടിക്കുന്നതിലും അർത്ഥമില്ല. കാരണം അതു അവകാശമാണ്. അതുകൊണ്ട് ജീവിത പങ്കാളിയുടെ സാമൂഹിക ബന്ധങ്ങളേയും സൗഹൃദങ്ങളേയും പ്രവർത്തന ശൈലിയേയും ജീവിത രീതിയേയും ബഹുമാനിക്കാൻ സാധിക്കണം. മാറ്റം വരുത്തേണ്ട കാര്യങ്ങൾ ബഹുമാനപൂർവ്വം ശ്രദ്ധയിൽപ്പെടുത്തുക. ആഗ്രഹിക്കുന്നപോലെ മാറണമെന്ന വാശിയും ശാരീരിക ഉപദ്രവങ്ങളും അടിച്ചേൽപ്പിക്കുന്ന ചട്ടങ്ങളും വിവാഹ ജീവിതത്തിനു ഒരു തരത്തിലും ചേരാത്തതാണ്. "എന്റെമാത്രം സ്വന്തം... എന്റേതു മാത്രം... ആർക്കും വിട്ടുകൊടുക്കില്ല..." എന്നൊക്കെയുള്ള കാഴ്ചപ്പാടുകൾ അടിമത്വത്തിന്റേതും ഏകാധിപത്യത്തിന്റേതുമാണ്. ഭയമൊ അധികാര ചിന്തയോ ആകാം ഇതിനു  കാരണങ്ങൾ. ഇതൊന്നുമല്ല സ്നേഹം. സ്നേഹം സ്വാതന്ത്ര്യമാണ്. പിടിച്ചെടുക്കേണ്ടതല്ല തിരിച്ചറിയേണ്ടതാണ് സ്നേഹം. വ്യക്തിസ്വാതന്ത്ര്യം നൽകുന്ന തുല്യതയെ ബഹുമാനിക്കാം.

- റിക്സൺ ജോസ്