Thursday, 25 August 2016

കാമം, ഭ്രമം, പ്രണയം


                അടുത്തടുത്തു വരുന്ന കാലൊച്ച അവൻ ശ്രദ്ധിച്ചു. സാധ്യതകളുടെ ഊഹാപോഹങ്ങളിൽ നിന്നും അതു ആരുടേതെന്ന തിരിച്ചറിയൽ അവനെ കൂടുതൽ ആവേശഭരിതനാക്കി. കഴിച്ചതെല്ലാം ദഹിപ്പിച്ച് വിശപ്പിൻറെ പുത്തൻ മെത്തവിരിച്ച് പൊരിഞ്ഞ വയറോടെ ശരീരം സജ്ജമായി. തൻറെ വിശപ്പ്, തൻറെ രുചി, തൻറെ തൃപ്തി എന്നതിനപ്പുറം ചിന്തകൾ ചിതറാതെ അവൻ മനസിനെ ഏകാഗ്രമാക്കി. മറ്റേതോ ലോകത്തെ സ്വപ്നം കണ്ടു വഴിതെറ്റി വന്ന ഇരയെ സുസജ്ജമായ മനഃ- ശരീരങ്ങളോടെ മതിയാകുവോളം ആസ്വദിച്ചു. ദഹനത്തിൻറെ ആലസ്യത്തോടെ ഇനി  വിശ്രമത്തിലേക്ക്. ഒരു ഇരയിൽ നിന്നും അടുത്ത ഇരയെ തേടുന്നതുവരെയുള്ള താത്കാലിക ശാന്തതയുടെ തീരത്തുകൂടി ഇരയെ വിസ്മരിച്ച് അവൻ നിദ്രയിലേക്കു നടന്നു. ശരീരത്തിൻറെ ദാഹം ശമിപ്പിക്കുന്നതിനപ്പുറം മറ്റൊരു വിചിന്തനങ്ങൾക്കും ഇടം നൽകാത്ത,  ഉത്തരവാദിത്ത്വങ്ങളുടെ കെട്ടുപാടുകളില്ലാത്ത ലൈംഗീക സന്തോഷത്തോടുള്ള അഭിനിവേശമാണ് കാമം (Eros). ചിന്തയെ പിന്തള്ളി കാമം (Eros) നിറഞ്ഞ കണ്ണുകൾക്കുമുമ്പിൽ ഏതു വ്യക്തി വന്നാലും (സ്വന്തക്കാർ പോലും) കാണുന്നത് ലിംഗങ്ങളായും കവരാനുള്ള ശരീരങ്ങളായും മാത്രം.
------------------
        
           പൂന്തോട്ടത്തിലെ പുഷ്പ വർണ്ണങ്ങളിലൂടെ വെറുതേ  കണ്ണോടിച്ചപ്പോഴാണ് വിരിഞ്ഞു മനോഹരമായി നിൽക്കുന്ന റോസാപ്പൂവിലേക്ക്  ശ്രദ്ധിക്കുന്നത്. കടുംചുവപ്പോടെ വിടർന്നുള്ള ആ നിൽപ്പും  സമാനതകളില്ലാത്ത സുഗന്ധവും മൃദുലമായ ദളങ്ങളും മനസ്സുനിറയെ ഒരു കൊതി നിറച്ചു. പിന്നെ ചുറ്റുമുള്ളതൊന്നും കാണാനായില്ല. ചിന്തയുടെ നിയന്ത്രണം പോലും ആ സുന്ദരി റോസാപ്പൂ തട്ടിയെടുത്തപോലെ.  മറ്റെല്ലാം മറന്ന് അതിൽ ലയിച്ചിരുന്ന മനസിന് അതിനെ സ്വന്തമാക്കണമെന്നായി ഭ്രമം. യുക്തിരഹിതമാണെങ്കിലും ഈ റോസാപ്പൂവാണ് തൻറെ എല്ലാം എന്നു തോന്നിപ്പോയി. മതിഭ്രമത്തിൻറെ ലഹരിയിൽ ആ സുന്ദരിപ്പൂവിനെ ഇറുത്തെടുക്കാനായി കരങ്ങൾ വെമ്പൽകൊണ്ടു. ഇന്ദ്രിയങ്ങൾ സുന്ദരമെന്നു വിളിച്ചതിനെ സ്വന്തമാക്കുവാനുള്ള  മനസിൻറെ ദാഹമാണ് ഈ ഭ്രമം (Limerence). ഇഷ്ടത്തിൽ വിരിയുന്ന അതിയായ ആഗ്രഹമാണ് 'ലിമെറെൻസ്'. പക്ഷെ താത്കാലികമാണ്. സുന്ദരിയായ റോസയെ കണ്ടുകണ്ടു മതിയാകുമ്പോൾ,  ഇറുത്തെടുത്ത ഈ സൗന്ദര്യം വാടുമ്പോൾ,  ഇതിലും മനോഹരമായ പൂവിൽ കണ്ണുടക്കുമ്പോൾ തിരയടിച്ചുകയറിയ കടൽ തിരിച്ചിറങ്ങുംപോലെ ഈ മതിഭ്രമവും പിൻവാങ്ങും. ഈ താത്കാലിക മതിഭ്രമമാണ് 'ലിമെറെൻസ്'. താത്കാലികമാണെങ്കിലും അതുണ്ടാക്കുന്ന നഷ്ടങ്ങൾ ജീവിത ചക്രത്തിൽ തിരിച്ചുപിടിക്കാൻ ചിലപ്പോൾ കഴിയണമെന്നില്ല.
---------------------

             മക്കളെല്ലാം പ്രാരാബ്ദങ്ങളുടെ ചിറകിലേറി വിദൂരങ്ങളിലേക്കു പറന്നകന്നപ്പോഴും ഏകാന്തതയുടെ മുഷിപ്പിനു വഴങ്ങാതെ ഫ്ലാറ്റിൻറെ ബാൽക്കണിയിൽ പ്രായം ചുക്കിചുളിച്ച മുഖവുമായി ആ വൃദ്ധ ദമ്പതികൾ എന്നും വൈകുന്നേരം കുശലം പറഞ്ഞിരിക്കുന്നതു  ഞങ്ങൾക്കൊരു പതിവു കാഴ്ചയാണ്. ശരീരത്തിനു തളർച്ച ബാധിച്ചെങ്കിലും ഉള്ളിൽ അഗ്നിപോലെ എരിയുന്ന പ്രണയം അവരുടെ പുഞ്ചിരി കലർന്ന പരസ്പര സംസാരത്തിൽ  വ്യക്തമായി കാണുവാൻ കഴിയും. അതിജീവനത്തിൻറെ കഥകൾ അവരുതെ മുഖത്തുനിന്നും വായിച്ചെടുക്കാം.  ത്യാഗവും സഹനവും ക്ഷമയും സന്തോഷവും കാമവും ജീവനും ഭ്രമവും അദ്ധ്വാനവും ഇടകലർന്ന ഊഷ്മളമായ പ്രണയമാണ് ഒന്നിച്ചുള്ള ജീവിതത്തിൽ അവരെ നിലനിർത്തിയതെന്നു വ്യക്തം.  തനിക്കുവേണ്ടിയല്ലാതെ പങ്കാളിയെ സ്നേഹിക്കുന്നതിൻറെ അതുല്യ ഭാവമാണ് പ്രണയം. അനാരോഗ്യമോ വിദൂരതയോ കഷ്ടനഷ്ടങ്ങളോ തമ്മിൽ  വേർപെടുത്താത്ത ആഴമേറിയ ആത്മാർത്ഥ സ്നേഹാനുഭവമാണത്. ഈ പ്രണയമാണ് മനുഷ്യവംശത്തിൻറെ ജീവതാളം.

No comments:

Post a Comment